മാര്‍ച്ച് 20 മുതല്‍ സന്ദര്‍ശക വിസ അനുവദിച്ച് തുടങ്ങുമെന്ന് കുവൈറ്റ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗമാണ് ഞായറാഴ്ച മുതല്‍ കുടുംബ സന്ദര്‍ശകര്‍ക്കായുള്ള വിസ അനുവദിക്കുമെന്ന കാര്യം അറിയിച്ചത്.
നിലവില്‍ കൊമേഴ്‌സ്യല്‍, കുടുംബ സന്ദര്‍ശക വിസകള്‍ എന്നിവ മന്ത്രിസഭയുടെയും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ ലഭിക്കുകയുള്ളൂ. കുറച്ച് വിസകള്‍ മാത്രണാണ് ഇങ്ങനെ അനുവദിക്കുന്നത്. കൂടുതലും ആരോഗ്യം, തൊഴില്‍ എന്നീ മേഖലകളിലെ ഉപദേശകര്‍ക്കാണ് ഇത്തരത്തില്‍ വിസ ലഭിച്ചിരുന്നത്.
കോവിഡിനെ തുടര്‍ന്ന് നിരവധി പ്രവാസികള്‍ക്ക് ഏറെ നാളായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് കുടുംബത്തെ കുവൈറ്റിലേക്ക് കൊണ്ടുവരാനുള്ള അവസരമാണ് ഞായറാഴ്ച മുതല്‍ ലഭിക്കുക.