യൂറോപ്പില്‍ 30,000 കൊല്ലങ്ങള്‍ക്കുമുമ്പുവരെ നിലനിന്നിരുന്ന നിയാണ്ടര്‍താല്‍ മനുഷ്യരുടെ വംശനാശത്തിനു കാരണം രക്തത്തിലുണ്ടായ ഒരു ക്രമരാഹിത്യമാണെന്നും ഇത് മനുഷ്യപൂര്‍വ്വികരുമായി ഇണചേര്‍ന്നതിനാല്‍ അനന്തരതലമുറയിലുണ്ടായ ജനിതകവ്യതിയാനം മൂലമാണെന്നും ലണ്ടന്‍ ആസ്ഥാനമാക്കിയ POLS One സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.
നിയാണ്ടര്‍താലുകളുടെ രക്തത്തില്‍ ഒരു ജനിതകവ്യതിയാനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആ വഴിക്കുള്ള അന്വേഷണം മുന്നേറിയത്. ഈ വ്യതിയാനം ഗര്‍ഭസ്ഥശിശുക്കളിലും നവജാതശിശുക്കളിലുമുള്ള ഹീമോലിത്തിക് രോഗ (HDFN)ലക്ഷണമാണെന്ന് കരുതുന്നു. ഇത് കുട്ടികളിലെ വിളര്‍ച്ചക്കും മാതാവില്‍ പുനര്‍ഗര്‍ഭധാരണതടസ്സത്തിനും കാരണമാകുന്നത്രേ. സ്വന്തം വംശത്തിനുള്ളിലുള്ള ഇണചേരലിലും ഇത് സംഭവിക്കാമെങ്കിലും മറ്റുചില സവിശേഷതകള്‍ കൂടി പരിഗണിച്ചാണ് ഹോമോസാപിയന്‍ ബന്ധം മൂലമാകാം കാരണമെന്ന് പറയുന്നത്. മേല്‍പ്പറഞ്ഞ ജനിതകപ്രശ്ം ഹോമോസാപിയനുകളില്‍ ഇന്നും വളരെ അപൂര്‍വ്വമാണ്. ഹോമോസാപിയനുകളുമായി പങ്കിട്ട പ്രകൃതിസാഹചര്യങ്ങളിലും നിയാണ്ടര്‍താലുകള്‍ ദുര്‍ബ്ബലരായിരുന്നു.
നിയാണ്ടര്‍താലുകളുടെയും ഡെനിസോവനുകളുടെയും (സൈബീരിയയില്‍ ജീവിച്ചിരുന്ന മറ്റൊരു മനുഷ്യവര്‍ഗ്ഗം) ബ്ലഡ് ഗ്രൂപ്പ് വ്യവസ്ഥയെക്കുറിച്ചുള്ള പഠനം അവരുടെ ഉത്പത്തി, വികസനം ഹോമോസാപിയന്‍സുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇവയെക്കുറിച്ചെല്ലാം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് നരവംശശാസ്ത്രജ്ഞന്‍മാര്‍ വിശ്വസിക്കുന്നു.
വിവിധ വര്‍ഗ്ഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ ജീവസന്ധാരണത്തിനാവശ്യമായ യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടുകയും പോരടിക്കുകുയും കീഴടക്കുകയും സഹവര്‍ത്തിത്വത്തില്‍ കഴിയുകയും ഇണചേരുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. 2018 ല്‍ തെക്കന്‍ സൈബീരിയയിലെ അല്‍റ്റായ് മലമ്പ്രദേശത്തുനിന്നും കണ്ടെടുത്ത ഒരു പെണ്‍കുട്ടിയുടെ ശേഷിപ്പില്‍നിന്നും അവളുടെ മാതാവ് നിയാണ്ടര്‍താലും പിതാവ് ഡെനിസോവനുമാണെന്ന് കണ്ടെത്തിയിരുന്നു.