5700 കൊല്ലം പഴക്കമുള്ള ച്യൂയിംഗത്തിൽ നിന്നും പെൺകുട്ടിയുടെ  ജനിതകഘടന കണ്ടെത്തി 

ഡെന്മാർക്കിലെ ലോലാൻഡിൽ നിന്നും കണ്ടെടുത്ത ച്യൂയിങ്ഗത്തിൽ നിന്നും അതുപയോഗിച്ചയാളുടെ ജെന്റർ, പ്രായം, ഭക്ഷണ-ജീവിതരീതികൾ കണ്ടെടുത്ത് നരവംശ ശാസ്ത്രജ്ഞർ.

രണ്ടര സെന്റിമീറ്ററോളം നീളവും ഏതാണ്ട്  അതിനടുത്ത് വീതിയും കനവുമുള്ള ഒരു ഖരവസ്തു  പരിശോധിച്ചപ്പോൾ ശിലായുഗത്തിൽ ചവച്ചു തുപ്പിയ ബിർച്ച് മരത്തിന്റെ കറയാണെന്നു മനസ്സിലായി. ആദിമനുഷ്യർ മരവും കല്ലും ചേർത്തോട്ടിച്ച്  ആയുധങ്ങളുണ്ടാക്കാൻ  ഇത് ഉപയോഗിച്ചിരുന്നു മാത്രമല്ല  ച്യൂയിങ്ഗമ്മായും  ഇതുപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആന്റി സെപ്റ്റിക്ക് ഗുണമുള്ള ഈ വസ്തു പല്ലുവേദന മാറാനായോ മറ്റോ ഉപയോഗിച്ചിരുന്നിരിക്കാം എന്നാണ് കരുതുന്നത്.

ആന്റി സെപ്റ്റിക്ക് ഗുണവും  ജലപ്രതിരോധശേഷിയുമാണ് അതിൽ ഡിഎൻഎ നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടാൻ കാരണം. “അസ്ഥിയിൽ നിന്നല്ലാതെ മറ്റേതെങ്കിലും ശേഷിപ്പിൽ നിന്നും ഒരു മനുഷ്യന്റെ പൂർണ്ണ ജനിതകഘടന ലഭിക്കുന്നത് അപൂർവ്വമാണ്. ഇത് ഒരതിശയം തന്നെയായിരുന്നു.”  ഗവേഷണത്തിന് നേതൃത്വം നൽകിയ കോപ്പൻ ഹേഗൻ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ഹാന്നിസ്‌ ഷ്രോഡർ പറഞ്ഞു.

ഡിഎൻഎ അപഗ്രഥനത്തിൽ അത്  മദ്ധ്യയൂറോപ്പിലെ സ്കാന്ഡിനേവിയൻ അല്ലാത്ത ഇരുണ്ടനിറവും ഇരുണ്ടമുടിയും നീല കണ്ണുകളുമുള്ള പെൺകുട്ടിയാണെന്നു കണ്ടെത്തി. ഹെയ്സൽ കുരുക്കളും താറാവിറച്ചിയും കഴിച്ചിരുന്ന അവൾ വേട്ടക്കാരുടെ സമൂഹത്തിൽപ്പെട്ട കുട്ടിയാണെന്നും മനസ്സിലായി.

മെസോലിത്തിക്  (പ്രാചീനശിലായുഗത്തിനും നവശിലായുഗത്തിനും മധ്യത്തിലുള്ള)  യൂറോപ്പിലെ  ശരീരഘടനയുമായി വളരെ സാമ്യമുള്ള അവൾക്ക് ഇന്നത്തെ സ്‌പെയിൻ, ബെൽജിയം വംശങ്ങളുമായി ജനിതകബന്ധമുണ്ട്. ഹിമയുഗത്തിനു ശേഷം സ്കാന്ഡിനേവിയൻ പ്രദേശത്ത്   12,000 കൊല്ലത്തിനും 11,000 കൊല്ലത്തിനും ഇടയിൽ  രണ്ടു ജനവർഗ്ഗങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്  എന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് ഈ ശേഷിപ്പും.

കാർഷികവൃത്തി ചെയ്യുന്ന ജനതയുടെ പ്രത്യേകതകൾ അവളിൽ കണ്ടില്ലെങ്കിലും ആ പ്രദേശത്ത് കൃഷി തുടങ്ങിയിരുന്നതായി മറ്റു  തെളിവുകളുണ്ട്. സ്കാന്ഡിനേവിയൻ കർഷകരിൽ നിന്നും വ്യതിരിക്തമായി പടിഞ്ഞാറുനിന്നും കുടിയേറിയ വേട്ടക്കാരിൽ പെട്ടവളാണ് പെൺകുട്ടി. ടോം ബയോർക്ക്‌ലൻഡ് എന്ന ചിത്രകാരൻ വരച്ച ഇല്ലസ്സ്ട്രേഷനാണ് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

കൂടാതെ പല്ലിൽ ജീവിക്കുന്ന ബാക്ടീരിയ, സ്റെപ്റ്റോ കോക്കസ് ന്യൂമോണിയ ഇതേക്കുറിച്ചും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരം ചവയ്ക്കുന്ന വസ്തുക്കൾ പ്രാചീനരുടെ അസ്ഥി, പല്ലുകൾ, രോഗങ്ങൾ ഇവയെക്കുറിച്ചെല്ലാം അറിവുതരാൻ കഴിയുന്ന സ്രോതസ്സുകളാണെന്ന് മോളിക്യൂലാർ ആർക്കിയോളജിസ്റ് ആൻഡേർസ് ഗോഥർസ്‌ട്രോംസ് പറഞ്ഞു.