ഓക്സിജൻ കൂടാതെ ജീവിക്കുന്ന ഒരു ജീവിയെ ആദ്യമായി കണ്ടെത്തി. ടെൽ-അവീവ് യൂണിവേഴ്സിറ്റിയിലെ ജൈവ ശാസ്ത്രജ്ഞന്മാരാണ് ഹെന്നിഗയ സാൽമിനിക്കോള എന്ന പരാദത്തെ കണ്ടെത്തിയത്.
എല്ലാ ജീവികളും കാർബോഹൈഡ്രേറ്റിനെ വിഘടിപ്പിച്ച് ഊർജ്ജം സൃഷിടിക്കുന്നത് ഓക്സിജന്റെ സഹായത്തോടെയാണ്. എന്നാൽ ശ്വസിക്കാത്ത ഈ ജീവിയുടെ ഊർജ്ജോത്പാദനം എങ്ങനെയാണെന്നത്തെ കുറിച്ച് പഠനങ്ങൾ തുടരുന്നതേയുള്ളൂ. ശാസ്ത്രകാരന്മാർക്കിടയിൽ ഉരുത്തിരിഞ്ഞു വന്ന ചില അഭിപ്രായങ്ങൾ ഇങ്ങനെയാണ്. ഈ ജീവി മറ്റുള്ളവയെപ്പോലെ തന്നെയായിരുന്നു. സാധാരണയായി പരിണാമം മൂലം ശാരീരിക ഘടന കൂടുതൽ വളരുകയും സങ്കീർണ്ണമാകുകയുമാണ് ചെയ്യുക. എന്നാൽ myxozoa ക്ലാസ്സിൽ വരുന്ന ഈ ജീവിയിൽ നേരെ തിരികെ സംഭവിച്ചിട്ടുള്ളതായി അനുമാനിക്കുന്നു. കോശങ്ങളും നാഡീവ്യൂഹവും നഷ്ടപ്പെട്ട് കേവലം പത്ത് കോശങ്ങൾ മാത്രമുള്ള ജീവിയായി ഇത് പരിണമിച്ചിട്ടുണ്ട്.
എന്നിരുന്നാലും ഊർജ്ജത്തിന്റെ ആവശ്യകത പൂർണ്ണമായും ഇല്ലാതാകാൻ സാദ്ധ്യതയില്ല. എന്തായാലും ജീവജാലം എന്നതിന്റെ പ്രാഥമിക പ്രത്യേകതകളിൽ ശ്വസനത്തിന്റെ ഉൾപ്പെടുത്തൽ തിരുത്തിയിരിക്കുകയാണ് സാൽമൺ മത്സ്യത്തിന്റെ ശരീരത്തിൽ കയറിക്കൂടി അതിന് “ടപ്പിയോക്ക രോഗം” വരുത്തുന്ന ഹെന്നിഗയ സാൽമിനിക്കോള.