കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനമന്ത്രിയായിരുന്ന “മാണി സാര്‍” ഇക്കണോമിക്കലിയും പെര്‍ക്യാപ്പിറ്റായിലും ബജറ്റ് അവതരണം നടത്തുന്ന പ്രതിഭയായിരുന്നു. മണിക്കൂറുകള്‍ പിന്നിടുന്ന ബജറ്റ് അവതരണം പല രീതിയിലും ആകര്‍ഷകമാക്കാന്‍ നമ്മുടെ ധനകാര്യ മന്ത്രിമാര്‍ ശ്രമിക്കാറുണ്ട്. പക്ഷെ തോമസ് ഐസക് സ്റ്റൈല്‍ ഇതാണ്. ബജറ്റ് പെട്ടിയും തൂക്കിയ ഐസക്കിന്റെ നടപ്പ് കാണുമ്പോള്‍ തന്നെ വ്യക്തമാണ്, വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലിരുന്നു തയ്യാറാക്കിയ ബജറ്റ് പ്രസംഗത്തിനിടയ്ക്ക്,ക്വോട്ട് ചെയ്യാനുള്ള ഒരു പിടി കവിതകളും, കഥകളും കൂടി ആ പെട്ടിയില്‍ കരുതിയിട്ടുണ്ടാവുമെന്ന്.
ശ്രീനാരായണ ഗുരുവിനെയും, ബഷീറിനെയും, എംടിയും ,തകഴിയും , ഒഎന്‍വിയുമൊക്കെ ഐസക് ബജറ്റ് പ്രസംഗത്തില്‍ കടമെടുത്ത് കഴിഞ്ഞു. ഇത്തവണ പെണ്‍പേനത്തുമ്പില്‍ പിറന്ന കരുത്തുറ്റ വരികളും വാചകങ്ങളുമാണ് ഐസക്കിന്റെ ബജറ്റിനെ സാഹിത്യപൂരിതമാക്കിയത്. ബജറ്റ് പ്രസംഗത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഐസക് ഉദ്ധരിച്ചത് സാഹിത്യകാരികളുടെ രചനകളില്‍ നിന്ന് മാത്രമായിരുന്നു എന്നത് ശ്രദ്ധേയമായി.
” കടലമ്മ തന്‍ മാറില്‍ കളിച്ചുവളര്‍ന്നവര്‍,കരുത്തര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും,ഞങ്ങള്‍ ….”
ഓഖിദുരന്തം ചുഴറ്റിയെറിഞ്ഞ ജീവിതങ്ങള്‍ ആ കെടുതികളെ അതിജീവിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യുമെന്ന് സുഗതകുമാരിയുടെ വരികള്‍ ഓര്‍മിപ്പിച്ചാണ് ഐസക്, പിണറായി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണം ആരംഭിച്ചത്.
അവിടെനിന്ന് സ്ത്രീശാക്തീകരണത്തിലേക്കെത്തിയ മന്ത്രി കടമെടുത്തത് സാറാ തോമസിന്റെ “വലക്കാര്‍” എന്ന നോവലിലെ കഥാപാത്രത്തിന്റെ സംഭാഷണമാണ്…”അച്ചനറിയാമ്മേല ഞങ്ങടെ പെണ്ണുങ്ങടെ കാര്യം. ഞങ്ങ മീന്‍ പിടിച്ചു കരയിലെത്തിക്കുകയേ ഉള്ളു. വിറ്റ് കിട്ടുന്ന കാശുകൊണ്ട് വീടു നടത്തേണ്ട ഭാരം ആ പാവത്തുങ്ങക്കാ…”
ഈ ബജറ്റിനെ ഏറ്റവും മനോഹരമാക്കിയ കവിതാ ശകലങ്ങളായിരുന്നു പിന്നാലെ…ഒരു സ്‌കൂള്‍ കലോത്സവത്തില്‍ കവിതാരചയ്ക്ക് “അടുക്കള” എന്ന വിഷയം ലഭിച്ചപ്പോള്‍, പുലപ്പാറ്റ സ്‌കൂളിലെ പത്താം ക്ലാസ്സുകാരിയായ എന്‍.പി സ്‌നേഹ എഴുതി ,
“കെമിസ്ട്രി സാറാണ് പറഞ്ഞത്,
അടുക്കള ഒരു ലാബാണെന്ന്,
പരീക്ഷിച്ച് നിരീക്ഷിച്ച് നിന്നപ്പോഴാണ് കണ്ടത് ,
വെളുപ്പിനുണര്‍ന്ന് പുകഞ്ഞ് പുകഞ്ഞ് തനിയെ സ്റ്റാര്‍ട്ടാകുന്ന
കരിപുരണ്ട കേടുവന്ന ഒരു മെഷ്യീന്‍,
അവിടെയെന്നും ,
സോഡിയം ക്ലോറൈഡ് ലായിനി ഉത്പ്പാദിപ്പിക്കാറുണ്ടെന്ന്……”
https://www.facebook.com/thomasisaaq/posts/2028157020533762
ഈ അധ്വാനത്തിനനുസരിച്ചുള്ള അന്തസ്സ് സ്ത്രീക്ക് ലഭിക്കുന്നില്ല.മന്ത്രി പറഞ്ഞു…
“ഒരു നല്ല കുല വെട്ടാനുണ്ടായാല്‍,ഒരു കോഴി മുട്ടയിടുന്നുവെന്നറിഞ്ഞാല്‍ ,കളത്തിലെ കുട്ടികളോ തമ്പ്രാനോ അന്വേഷിച്ചു വരും. ഒരു ചീരത്തൈ നടാനുള്ള ശീലം എന്നോ നഷ്ടപ്പെടുത്തിയ മനുഷ്യര്‍..”. “നെല്ല്” എന്ന നോവലിലെ പി വത്സലയുടെ വാക്കുകള്‍ കോറിയിട്ട് ഇങ്ങനെയൊരു കാലം കേരളത്തിലുണ്ടായിരുന്നു എന്ന് മന്ത്രി ഗൃഹാതുരനായി.
“പാണിയില്‍ തുഴയില്ല,തോണിയില്‍ തുണയില്ല ,ക്ഷോണിയിലൊരു ലക്ഷ്യവുമറിയുകയില്ല..”എന്ന ലളിതാംബിക അന്തര്‍ജനത്തിന്റെ “സാവിത്രി അഥവാ വിധവാവിവാഹം” നാടകത്തിലെ കഥാപാത്രം പാടുന്നുണ്ട്. ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത ഒരോ ദിവസവും എങ്ങനെ തള്ളിനീക്കണമെന്നറിയാത്ത അശരണരെ തലോടി ഐസക് പറഞ്ഞു.
സര്‍ക്കാരിന്റെ അഭിമാന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫിനെ വര്‍ണിക്കാന്‍ കടം കൊണ്ടത് സാറാ ജോസഫിന്റെ “മറ്റാത്തി” എന്ന നോവലിലെ, അച്ചന്റെ ഡയറിലെഴുതിയ സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുത്താണ്..”അതില്‍ ഒരെണ്ണം 100 ശതമാനം പാര്‍പ്പിടമെന്ന അതിമോഹമാണ്. അതും നോക്കി നെടുവീര്‍പ്പെടുന്നത് ഒന്നും രണ്ടും തവണയല്ല. നെടുവീര്‍പ്പുകള്‍ സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് അച്ചന്‍ ഉറച്ചുവിശ്വസിക്കുന്നു….”
വിദ്യാഭ്യാസത്തെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കൈക്കൊണ്ട പദ്ധതികള്‍ അവതരിപ്പിച്ചത്, ഒരു ഗ്രാമീണ സ്‌കൂളിനെ ,”കപ്പലിനെക്കുറിച്ചൊരു വിചിത്രജീവിതം” എന്ന നോവലില്‍ ഇന്ദുമേനോന്‍ പരിചയപ്പെടുത്തുന്ന കഥാപശ്ചാത്തലം വിവരിച്ചു കൊണ്ടായിരുന്നു..
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ വിവരണവേളയില്‍ മന്ത്രി സാവിത്രി രാജീവന്റെ കവിത ചൊല്ലി…”ഇരുള്‍വിളയുന്ന രാത്രിയില്‍,ദുസ്സ്വപ്‌നങ്ങള്‍ കീറാത്ത പുതപ്പാരു തരുമെന്ന്……”
പൊരുതുന്ന പെണ്ണിന് കരുത്തുപകര്‍ന്നു കൊണ്ട്, സംരക്ഷിച്ചു കൊണ്ട വിജയലക്ഷമിയുടെ “പച്ച”യെന്ന കവിത ഉദ്ധരിച്ചായിരുന്നു മന്ത്രി സര്‍ക്കാരിന്റെ നിലപാടറിയിച്ചത്…”ഇടിമിന്നലിന്റെ വേരു തിന്ന് ,പ്രളയത്തോളം മഴ കുടിച്ച് കരുത്തുനേടണം…നാം മണ്ണാങ്കട്ടയോ കരയിലയോ ആവുകയില്ലെന്നും കാശിക്കു പോവുകയുമില്ലെന്ന്” ആധുനിക സ്ത്രീയുടെ വീര്യം ഇന്ന് കേരളം കണ്‍തുറന്ന് കാണുകയാണ്…
കുടുംബശ്രീയെ പരാമര്‍ശിക്കുന്നിടത്ത് ചരിത്രത്തിലെ മലയാളി പെണ്ണില്‍ നിന്ന് ഇന്നത്തെ സ്ത്രീ വരെ എങ്ങനെയെത്തിയെന്ന് അവതരിപ്പിക്കുന്നത് 1948 ലെ നമ്പൂതിരി സമുദായത്തില്‍ നിന്നുള്ള സ്ത്രീ വിമോചനത്തിന്റെ കാഹളം മുഴക്കിയ നാടകമായ “തൊഴില്‍കേന്ദ്രത്തിലേക്ക്” ല്‍ തുടങ്ങി, എത്തി നിന്നത് കെ ആര്‍ മീരയുടെ “ആരാച്ചാറി”ലെ നായികയുടെ സംഭാണത്തിലും…”ഞങ്ങള്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് ഒരു നേട്ടവും കൈവരിക്കാറില്ല.ഞങ്ങളുടെ ജീവിതങ്ങള്‍ ഒരു ചങ്ങല പോലെ പിണഞ്ഞു കിടക്കുന്നു.ഒരാള്‍ എന്നോ തുടങ്ങിവച്ചത് മറ്റൊരാള്‍ മറ്റൊരിക്കല്‍ പൂര്‍ത്തിയാക്കുന്നു……”
ഒപ്പം വാദത്തിന് ശക്തി പകരാന്‍ ഡോണ മയുരയുടെ വരികളും…
“ഞങ്ങടെ ആണുങ്ങളും പെണ്ണുങ്ങളും” എന്ന കൃതിയിലെ ധന്യ എം ഡി യുടെ വാചകങ്ങള്‍ കാര്‍ഷിക സംസ്‌കൃതി പ്രോത്സാഹിപ്പിക്കാനായി ഐസക് കോട്ട് ചെയ്തു.
ടൂറിസത്തിലേക്കെത്തുമ്പോഴും കരുത്തറിയിച്ചത് പെണ്‍ശബ്ദം…കെ എ ബിനയുടെ “നദി തിന്നുന്ന ദ്വീപ്” എന്ന യാത്രാക്കുറിപ്പിലെ വാചകം ഇങ്ങനെ,”അവസരം കിട്ടുമ്പോഴൊക്കെ ബാഗു നിറച്ച് പോകാന്‍ കഴിയുന്ന ഇടങ്ങളിലൊക്കെ പോയി,കാണാന്‍ തോന്നിയ കാഴചകളെ തേടി അലഞ്ഞു,ഇന്ത്യയുടെ മിടിപ്പുകള്‍ക്കു കാതോര്‍ത്തു..എഴുതാന്‍ കഴിഞ്ഞതൊക്കെ എഴുതി….”
ഒടുവില്‍ രണ്ടര മണിക്കൂറത്തെ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കി തോമസ് ഐസക് ചൊല്ലിയത് ബാലാമണിയമ്മയുടെ “നവകേരളം” എന്ന കവിതയിലെ വരികള്‍…..
“വന്നുദിക്കുന്നു ഭാവനയിങ്ക-
ലിന്നൊരു നവലോകം
വിസ്ഫുരിക്കുന്നു ഭാവനയിലാ-
വിജ്ഞമാനിതം കേരളം…..”