രാജേഷ് കെ.നാരായണന്‍
“”ലോകം എത്ര ഉദാരമതി.
അത് പണ്ഡിതനേയും പാമരനെയും
ജീവിക്കാനനുവദിക്കുന്നു.
നിങ്ങളാണു ലോകമെങ്കില്‍
അങ്ങനെ ചെയ്യുമോ? “”
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ഈ ചെറു കവിത പിരിച്ചുവിടല്‍ അറിയിപ്പിന് മറുപടിയായി ഉദ്യോഗസ്ഥ മേധാവിക്ക് കൊടുത്ത ഒരു സുഹൃത്തില്‍ നിന്നു തന്നെയാണ് ഈ റിപ്പോര്‍ട്ടിംഗ് ആരംഭിക്കേണ്ടതെന്ന് തോന്നുന്നു. കോവിഡ് എന്ന രോഗകാലം പല ആഗോള കമ്പനികള്‍ക്കും ഉത്സവകാലം പോലെ ലാഭ വിപണിയുടെ സാദ്ധ്യതാ ജാലകം തുറക്കുകയാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാകുന്നു. തൊഴില്‍ നഷ്ടപ്പെടുന്നു തൊഴിലിടങ്ങളിലെ സ്വാതന്ത്ര്യം ഇല്ലാതാകുന്നു. ലോകം പിടിച്ചുനില്‍പ്പെന്ന വലിയ പോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ കത്തുന്ന പുരയിലെ കഴുക്കോലിലും, തൊട്ടപ്പുറത്തെ വാഴയിലും കണ്ണുവെയ്ക്കുന്ന ആഗോള കമ്പനികളുടെ ശ്രമങ്ങള്‍ക്കെതിരെ ഉയരേണ്ട എല്ലാ ശബ്ദങ്ങളും രോഗപേടിയുടെ വായ്മൂടിക്കെട്ടലില്‍ അമര്‍ന്നു പോകുന്നു. മാസ്‌ക് ഇല്ലാതാക്കുന്നത് ഈ പ്രതികരണ ശബ്ദങ്ങളെയാണ്.
നിഷേധിക്കപ്പെടുന്നത് പതിറ്റാണ്ടിന്റെ നേടിയെടുക്കലുകളെയും അവകാശങ്ങളെയുമാണ്.
ലോകത്താകമാനം 200 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകും എന്നറിയുമ്പോഴാണ് കോവിഡെന്ന മഹാമാരി പെയ്തിറങ്ങുന്ന ഈ കാലത്ത് മനുഷ്യ നിര്‍മ്മിത തൊഴില്‍ നിഷേധത്തിന്റെ ശക്തി എത്ര വലിയ ആഘാതമാണ് മനുഷ്യരില്‍ സൃഷ്ടിക്കുകയെന്നറിയുക. തൊഴില്‍ നഷ്ടമാകല്‍ ആത്മഹത്യയിലേക്കും മാനസികരോഗത്തിലേക്കും ചെന്നെത്തിക്കുന്ന ജനകോടികള്‍ക്ക് എന്ത് മറുപടിയാണ് ഭരണകൂടങ്ങള്‍ക്ക് നല്‍കാനുളളത് ഓരോ രാജ്യത്തിന്റേയും വ്യത്യസ്ത തൊഴില്‍ നിയമങ്ങളാണ് പക്ഷേ മാനുഷികതയും മാനവികതയും ഹനിയ്ക്കപ്പെട്ടിടങ്ങളിലൊക്കെ തൊഴിലാളികള്‍ ചീന്തിയ രക്തവും സമര്‍പ്പിച്ച ജീവനുകളുമാണ് തൊഴില്‍ ഇടങ്ങളിലെ ഇന്നു വരെ അനുഭവിച്ച സുരക്ഷിതത്വവും വേതന തുല്യതയും. അവകാശ സമരങ്ങളില്‍ വിളളലുകള്‍ വീഴ്ത്താന്‍ മുതലാളിത്ത പ്രസ്ഥാനങ്ങള്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്.
ഈ കാലം ഇത്തരം പ്രവൃത്തികള്‍ക്ക് ഏറെ അനുകൂലമാകുന്നു.
ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് ലോകത്ത് കോവിഡ് കാലത്ത് ജോലി
നഷ്ടപ്പെടുന്നത് 150 കോടി ആളുകള്‍ക്കാണെന്ന് ഇന്റര്‍ നാഷണല്‍ ലേബര്‍
ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ഇന്ത്യയില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം 12 കോടിയിലേറെയാണ്. കേരളത്തിലെ കമ്പനികളിലെ തൊഴില്‍ നഷ്ടങ്ങളുടെ ഏകീകരിച്ച സ്റ്റാറ്റിസ്റ്റിക്‌സ് ലഭ്യമായിട്ടില്ല. ആഗോള വ്യാപക ഫലങ്ങള്‍
കേരളത്തിനെയും രൂക്ഷമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഫാക്ടറികൾ മുതല്‍ പത്രസ്ഥാപനങ്ങള്‍ വരെ തൊഴില്‍ വേതന വ്യവസ്ഥകള്‍
തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ പരിഷ്‌ക്കരിക്കുന്നു. അടച്ചുപൂട്ടല്‍
എന്ന മാന്ത്രികജാലത്തിലൂടെ കോടിക്കണക്കിനു രൂപ ഇവര്‍ക്ക് ലാഭകരമാക്കാന്‍ കഴിയുന്നു. തൊഴില്‍ നിഷേധത്തിനൊപ്പം നല്‍കേണ്ട സാമ്പത്തിക പരിഹാരങ്ങളൊന്നും നല്‍കപ്പെടുന്നില്ലെന്ന് മാത്രമല്ല എല്ലാ അവകാശങ്ങളേയും ഹനിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നു.
കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല ജോലിസമയം 12 മണിക്കൂര്‍ ആക്കാന്‍ തീരുമാനിച്ചിരിക്കുന്നു പല കമ്പനികളും. അനിയന്ത്രിതമായ തൊഴില്‍ സമയം അടിച്ചേല്‍പ്പിക്കുന്നുവെന്നാല്‍ അടിമവേലയ്ക്ക് തുല്യമാണെന്ന് ഇടത് ട്രേഡ് യൂണിയനുകള്‍ പറയുന്നു. ചൈനയില്‍ നിന്നു തിരിച്ചു വരുന്ന കമ്പനികളെ സ്വാഗതം ചെയ്യാനായി ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളെ ശീതീകരിക്കാമെന്ന ചിന്ത അബദ്ധമാണ് എന്ന് അവര്‍ നിരീക്ഷിക്കുന്നു. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളും ലേബര്‍ യൂണിയനുകളെയും അവരുടെ ഡിമാന്‍ഡുകളെയും പാടേ മറന്നു കഴിഞ്ഞു. എല്ലാ തൊഴില്‍ അവകാശങ്ങളും കാറ്റില്‍ പറത്തി,”” തൊഴില്‍ വേണമെങ്കില്‍ പറയുന്നത് അനുസരിക്കൂ അല്ലെങ്കില്‍ പുറത്ത് പോകൂ “” എന്ന ബോര്‍ഡിന് മുമ്പില്‍ വായ് മൂടിക്കെട്ടിയ നിലയില്‍ തൊഴിലാളികളും യൂണിയനുകളും.
തൊഴില്‍ നഷ്ടമാകുന്ന കോടിക്കണക്കിന് ജനങ്ങളുടെ ഏക പ്രതീക്ഷ ഇനി ട്രേഡ് യൂണിയനുകളിലാണ്. എന്ത് നിലപാടുകളാകും ഇവര്‍ സ്വീകരിക്കുക.
ബ്രിട്ടനിലെ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ഒരു പ്രബല ശക്തിയാണ്.
തൊഴിലാളികളുടെ സംഘടിതമായ വിലപേശലില്‍ അതിന് നിർണായക സ്വാധീനമുണ്ട്. സേവന -വേതന വ്യവസ്ഥകളില്‍ കൃത്യവും കര്‍ശനവുമായ നിലപാടുകള്‍ മുന്‍കാലത്ത് ബ്രിട്ടനില്‍ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ട്രേഡ് യൂണിയനുകള്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ അധിഷ്ഠിതമാണ് ഈ നിയമങ്ങളും
1960-ല്‍ മുതലാളിത്ത രാജ്യങ്ങളിലെ സമ്പദ്ഘടനയിലെ ഘടനാപരമായ
മാറ്റങ്ങള്‍ക്ക് ശേഷം മാനേജ്‌മെന്റില്‍ വര്‍ദ്ധിച്ച പ്രാതിനിധ്യം
തൊഴിലാളികള്‍ക്ക് ഉണ്ടായെങ്കിലും പിന്നീട് പുരോഗമന ലക്ഷ്യങ്ങളില്‍
നിന്നും അകന്ന് സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വാദിച്ചിരുന്ന
ട്രേഡ് യൂണിയനുകള്‍ മുതലാളിത്ത വ്യവസ്ഥയിലേക്ക് പരിവര്‍ത്തനം
ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ പുരോഗതിക്ക് എതിരെയുളള
നിലനില്‍പ്പെന്നാണ് പൊതുവെ കരുതപ്പെടുന്നതെങ്കിലും തൊഴിലിടങ്ങളിലെ
സുരക്ഷിതത്വത്തിലും വേതനവ്യവസ്ഥകളിലും ഉണ്ടാക്കിയ പങ്കാളിത്ത തുല്യതാ സംവിധാനങ്ങള്‍ നിസ്സാരവത്കരിക്കാവുന്നതല്ല. കല്‍ക്കട്ടയിലെ പരുത്തി തുണിമില്ലുകളില്‍ 1890-ല്‍ നടന്ന ലഹളയെ തുടര്‍ന്നാണ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ആവിര്‍ഭവിക്കുന്നത്. ഒരു ദിവസം 15 മുതല്‍ 18 മണിക്കൂര്‍ വരെ പണിയെടുക്കാന്‍ നിര്‍ബന്ധിതരായ തൊഴിലാളികള്‍ കല്‍ക്കട്ടയിലും മുംബൈയിലും ഉണ്ടായിരുന്നു കല്‍ക്കട്ടയിലെ ബ്രഹ്മ സമാജ പ്രവര്‍ത്തകനായിരുന്ന ശശിപാദ ബാനര്‍ജി ബംഗാളികളുടെ തുണിമില്‍ സമരത്തില്‍ ഇടപെട്ട് പ്രവര്‍ത്തനം ആരംഭിച്ചു.
ദ്വാരക്‌നാഥ് ഗാംഗുലി, ബാലഗംഗാധര തിലകന്‍, ലാലാ ലജ് പത്‌റായ്
തുടങ്ങിയവരും എസ് .എ. ഡാങ്കെ, മുസഫര്‍ അഹമ്മദ്, പി .സി. ജോഷി തുടങ്ങിയ ആദ്യകാല കമ്മ്യൂണിസ്റ്റ്കാരും തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയവരാണ്. ഇവരുടെ നിരയിലേക്ക് ഈ കോവിഡ് കാലത്ത് കടന്നു വരുന്ന നേതാവ് ആര് എന്നുളളതാണ് ഇന്ത്യന്‍ സമൂഹം ഉറ്റു നോക്കുന്നത്.
ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോള്‍ അറിയുന്നതനുസരിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, സ്വിഗ്ഗി തുടങ്ങിയ കമ്പനികള്‍ ഇതിനോടകം തന്നെ ഒട്ടേറെ പിരിച്ചുവിടല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കികഴിഞ്ഞു. കേരളത്തിലെ പത്രങ്ങളില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സും ടൈംസ് ഓഫ് ഇന്ത്യയും പല ബ്യൂറോകളും ജീവനക്കാര്‍ക്ക് ഒരു അറിയിപ്പ് നല്‍കാതെ അടച്ചുപൂട്ടിക്കഴിഞ്ഞു. സ്വകാര്യമേഖലയുടെ ശീതളഛായയില്‍ മേയാനിറങ്ങുന്ന ഇന്ത്യന്‍ സര്‍ക്കാരിന് തൊഴിലാളികളെയോ അവരുടെ അവകാശങ്ങളെയൊക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല എന്നത് ഈ കോവിഡ് കാലത്തിന്റെ അനുഗ്രഹമായി മാറുകയാണ്. എവിടെയാണ് തൊഴില്‍ നിയമങ്ങള്‍ ?
ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം എന്ന കവിവാക്യത്തില്‍ ഊന്നി നില്‍ക്കുന്നു മനുഷ്യര്‍. ദയ എന്ന വാക്ക് കോര്‍പ്പറേറ്റ് സെക്ടറിന്റെ നിഘണ്ടുവില്‍ ഇല്ല എന്നത് പുതിയ അറിവല്ല. പക്ഷേ ഈ കോവിഡ് കാലത്ത് നിസ്സഹായതയുടെ ആള്‍രൂപങ്ങളില്‍ അവസാന ആണിയും അടിച്ചുറപ്പിക്കുകയാണ് ഓരോ മുതലാളിയും. ഒരു നാഴി അരിയ്ക്കും ഒരു കൈക്കുമ്പിള്‍ എണ്ണയ്ക്കും തമ്പ്രാന്റെ പാടത്ത് വിയര്‍പ്പൊഴുകി തീര്‍ത്ത ജീവിതങ്ങള്‍ നമുക്ക് ഒരു പാട് പിന്നിലല്ല.
തുച്ഛ വരുമാനത്തില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനായ സ്ത്രീ പുരുഷ
ജീവനക്കാരുടെ നാടാണ് ഇന്ത്യ. മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്,
ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേതന നിഷേധങ്ങള്‍ മാത്രമല്ല മാനുഷിക പരിഗണനകള്‍ പോലും ഹനിയ്ക്കപ്പെടുന്നു. കേരളത്തിലെ കച്ചവടസ്ഥാപനങ്ങളിലും സ്ഥിതി ഒട്ടും വിഭിന്നമല്ല തൊഴില്‍ നിയമങ്ങള്‍ എപ്പോഴും ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിയ്ക്ക് പുറത്ത് എന്ന സ്ഥിതിയിലാണ്.
ഒന്നുകില്‍ അമിതവേതനത്തിന്റെ ആലസ്യം നിറഞ്ഞ തൊഴില്‍ മേഖല അല്ലെങ്കില്‍ ഔദാര്യമെന്ന ചട്ടിയില്‍ വീഴുന്ന പിച്ചകാശ്. ഈ കോവിഡ് കാലത്ത് രോഗാതുരമായ സമൂഹത്തെ മാത്രമല്ല ദയയും ദാക്ഷിണ്യവുമില്ലാതെ ആത്മഹത്യകളൊരുക്കുന്ന കോര്‍പ്പറേറ്റ് മുതലാളിത്ത മേല്‍ക്കോയ്മകളേയും ചികിത്സിക്കേണ്ടതാണ്.