1909 – ലെ ഒരു മദ്ധ്യാഹ്നം. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കൊട്ടാരം ഗുരുവും ഉപദേശകനുമായിരുന്ന തൈക്കാട് അയ്യാ സ്വാമികള്‍ ഏതാനും ആളുകളോടൊപ്പം ഒരു പാടം കടന്നു പോകുകയായിരുന്നു. എതിരെ ഒരാള്‍ നടന്നുവരുന്നതുകാണാം. സ്വാമികള്‍ അയാളുടെ നേരെ നോക്കിപ്പറഞ്ഞു. ഉന്‍ പടം രാജസഭയില്‍ വെക്കപ്പോറേന്‍.. ആ മനുഷ്യന്‍ ഒരു ദളിതനായിരുന്നു. പലര്‍ക്കും അതിശയം തോന്നിയെങ്കിലും ആളെ നന്നായി മനസ്സിലാക്കിയവര്‍ക്ക് അത്ര അതിശയം തോന്നിയില്ല എന്നുപറയാം. സ്വാമികള്‍ തന്റെ ദിവ്യദൃഷ്ടിയാല്‍ കണ്ടതാണിതെന്ന് പലരും പില്‍ക്കാലത്തു പറഞ്ഞു. എന്തുതന്നെയായാലും കാലം മാറുന്നുണ്ടെന്നും ആര്‍ക്കുമുന്നിലും തലകുനിക്കാത്തവനെന്നു പേരെടുത്ത നിരവധി വധശ്രമങ്ങള്‍ക്ക് വിധേയനായിട്ടുള്ള ആ പുലയയുവാവിന്റെ ചിത്രം രാജസഭയില്‍ വെക്കപ്പെടുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശിത്വം കൊണ്ട് ബോധ്യപ്പെട്ടതായിരിക്കാം. അത് സംഭവിക്കുകതന്നെ ചെയ്തു. മഹാത്മാ അയ്യങ്കാളിയുടെ ചിത്രം ജനാധിപത്യ കേരളത്തിന്റെ നിയമസഭാഹാളില്‍ പില്‍ക്കാലത്ത് സ്ഥാനം പിടിച്ചു. അതിന് എത്രയോ മുമ്പ് ഇന്ത്യയിലാദ്യമായി ഒരു ദളിത് വിഭാഗത്തില്‍പ്പെട്ടയാള്‍ രാജാവിന്റെ സഭയില്‍ അംഗമാകുന്നത് കൊളോണിയല്‍ ഇന്ത്യയില്‍ ആദ്യമാണ് 1912-ല്‍.
നമുക്കൊന്നും ഊഹിക്കാന്‍ പോലും കഴിയാത്തവണ്ണം ഉച്ചനീചത്വങ്ങളും ക്രൂരമായ വിവേചനങ്ങളും നിലനിന്ന കാലം. പാടത്തു പണിയുന്നവര്‍ക്ക് പാത്രത്തില്‍ കഴിക്കാന്‍ അര്‍ഹതയില്ലാതിരുന്ന കാലം. മുറ്റത്ത് കുഴികുത്തി അതിനുള്ളില്‍ ഇലവെച്ച് കഞ്ഞിവിളമ്പിയിരുന്ന ഉപ്പുവാങ്ങാന്‍ അവകാശമില്ലാതിരുന്ന, കടയില്‍നിന്നും എന്തെങ്കിലും വാങ്ങണമെങ്കില്‍ പണം അവിടെ ഒരു കല്ലില്‍ വെച്ച് ദൂരെ മാറി കാത്തുനില്‍ക്കണം എന്ന കാലം. ഇതിനെതിരെയെങ്ങാനും പ്രതിഷേധിച്ചുപോയാല്‍ വഴിയിലിട്ട് അടിച്ചുകൊന്നാല്‍പ്പോലും ചോദിക്കാനും പറയാനും ആരുമുണ്ടാകില്ല എന്നോര്‍ക്കണം. അങ്ങനെ ഒരു കാലത്താണ് 1893 ല്‍ തന്റെ മുപ്പതാം വയസ്സില്‍ ജന്‍മികള്‍ക്ക് മാത്രം ധരിക്കാന്‍ അവകാശമുണ്ടായിരുന്ന മുണ്ടും മേല്‍ക്കുപ്പായവും തലപ്പാവുമണിഞ്ഞ് വില്ലുവണ്ടിയുടെ മുകളില്‍ തലസ്ഥാനനഗരിയിലൂടെ അയ്യങ്കാളി ആ ധീരോദാത്തമായ യാത്ര ചെയ്തത്. ഇത് ലോകചരിത്രത്തിലെ ഏറ്റവും ധീരമായ ഏടുകളിലൊന്നാണെന്ന് നിസ്സംശയം പറയാം. ആദ്യകാലങ്ങളില്‍ തന്റെ സമുദായത്തിലെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് അയോധനകലകളഭ്യസിച്ച് തെരുവില്‍ നടത്തിയ കായികമായ പോരാട്ടങ്ങള്‍ ഇന്നും ഒരു സിനിമയിലും ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അധസ്ഥിതരായ സ്ത്രീ പുരുഷന്‍മാര്‍ക്ക് അരയ്ക്കുമുകളിലോ മുട്ടിനുകീഴെയോ വസ്ത്രം ധരിക്കാന്‍ അവകാശമില്ലാതിരുന്നപ്പോഴാണ് സ്ത്രീകളെ അദ്ദേഹം അടിമത്തത്തിന്റ കല്ലുമാലകള്‍ പൊട്ടിച്ചെറിഞ്ഞ് മുലക്കച്ച ധരിക്കാന്‍ പ്രാപ്തരാക്കിയത്. മേലാളന്‍മാരുടെ ശിങ്കിടികള്‍ എത്രസ്ത്രീകളുടെ മാര്‍ക്കച്ച കീറിയെറിഞ്ഞു. എത്രപേരെ കൊന്നുകളഞ്ഞു. എന്നിട്ടുമവര്‍ പിന്‍തിരിയാന്‍ തയ്യാറായില്ല. പോരാട്ടങ്ങള്‍കൊണ്ടുമാത്രമാണ് പലതും നേടിയെടുത്തത്, അരുടെയും ഔദാര്യത്തിനുവേണ്ടി കാത്തുനിന്നിട്ടല്ല.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനിക്കുന്നതിനും മുപ്പത്തിരണ്ടു കൊല്ലങ്ങള്‍ക്കുമുമ്പാണ് അയ്യങ്കാളിയുടെ സാഹസികകൃത്യങ്ങള്‍ എന്നത് ചിന്തിക്കുമ്പോഴാണ് ആ വിപ്ലവകാരിയുടെ ചങ്കുറപ്പ് എന്താണെന്ന് മനസ്സിലാകുന്നത്. മനുഷ്യാവകാശങ്ങളെക്കുറിച്ചോ തുല്യതയെക്കുറിച്ചോ സംസാരിക്കാന്‍ ഈ രാജ്യത്ത് ആരുമില്ലാതിരുന്ന കാലം. അന്ന് 24 വയസ്സുണ്ടായിരുന്ന മഹാത്മാഗാന്ധിപോലും തന്റെ ആശയങ്ങളെ അന്ന് സൗത്താഫ്രിക്കയില്‍ രൂപപ്പെടുത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. റഷ്യയില്‍ ഒക്‌ടോബര്‍ വിപ്ലവം നടക്കുന്നതിനും 24 കൊല്ലം മുമ്പാണത്. ഇരുപത്തിമൂന്നു വയസ്സുള്ള ലെനിന്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗില്‍ ഒരു ബാരിസ്റ്ററായി ജോലിയില്‍ പ്രവേശിച്ചിട്ടേയുള്ളൂ. അംബേദ്കര്‍ക്ക് അന്ന് രണ്ടുവയസ്സേയുള്ളൂ.
ജന്‍മികളുടെ പത്തായം നിറയ്ക്കാനായി ജീവിച്ചുമരിക്കുന്ന വെറും പണിയായുധങ്ങള്‍ മാത്രമായിരുന്ന തൊഴിലാളികളെക്കൊണ്ട് പണിമുടക്കു നടത്തിച്ച് അവകാശങ്ങള്‍ നേടിയെടുത്തത് ആദ്യമായി അയ്യങ്കാളിയാണ്. ഞങ്ങളുടെ മക്കള്‍ക്ക് പഠിക്കാന്‍ അനുവാദമില്ലെങ്കില്‍ പാടത്ത് നെല്ലുകിളിര്‍ക്കില്ല. പുല്ലും കളയും വളരുമെന്ന പ്രഖ്യാപനം അധികാരിവര്‍ഗ്ഗത്തിന് നേരിട്ട ആദ്യത്തെ ഞെട്ടലായിരുന്നു. ദാരിദ്ര്യത്തിന്റെയും നീചമായ വിവേചനത്തിന്റെയും പടുകുഴിയില്‍ നിന്നും സ്വപ്രയത്‌നം കൊണ്ടുമാത്രം പഠിച്ചുയര്‍ന്ന ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ അടിമത്തത്തിന്റെ പ്രമാണമായ മനുസ്മൃതിയെ മഹദ് എന്ന സ്ഥലത്തുവെച്ച് നടത്തിയ സത്യഗ്രഹത്തില്‍ തീക്കൊള്ളിക്കിരയാക്കുന്നതിനും 12 കൊല്ലങ്ങള്‍ക്കുമുമ്പാണ് കൊല്ലത്തെ പീരങ്കിമൈതാനത്തുവെച്ച് 1915-ല്‍ കേരളത്തിലെ മണ്ണില്‍ പണിയുന്ന സ്ത്രീകള്‍ക്ക് അടിമത്തത്തിന്റെ അടയാളമായി കൊടുത്തിരുന്ന കല്ലുമാലകള്‍ പൊട്ടിച്ചെറിയാന്‍ ധൈര്യം കൊടുത്തത്.
പുലയക്കിടാങ്ങളെ പ്രവേശിപ്പിക്കാതിരുന്ന സ്‌കൂളിലാണ് പഞ്ചമി എന്ന പുലയക്കിടാത്തിയെ കൈപിടിച്ച് അദ്ദേഹം നെയ്യാറ്റിന്‍കര താലൂക്കിലെ ഊട്ടൂരമ്പലത്തുള്ള പെണ്‍പള്ളിക്കൂടത്തില്‍ കൊണ്ടുപോയി ഇരുത്തിയത്. മാടമ്പിമാരുടെ ശിങ്കിടികള്‍ പുലയി തൊട്ട സ്ഥലം എന്നുവിളിച്ച് ആ പള്ളിക്കൂടത്തെ അഗ്നിക്കിരയാക്കിയപ്പോഴാണ് സ്വന്തമായി സ്‌കൂളുകള്‍ വേണമെന്നദ്ദേഹത്തിനു തോന്നിയത്. അങ്ങനെയാണ് വെങ്ങാനൂര്‍ പുതുവല്‍വിളാകത്ത് സ്‌കൂള്‍ അനുവദിപ്പിച്ചത്. ഇതൊന്നും ആരുടെയും കാരുണ്യത്തിനുവേണ്ട് കേണുകൊണ്ടല്ല, അധികാരികളോട് നെഞ്ചുകാട്ടി നിന്നുകൊണ്ടാണ്.
ഒരു പഴയ ദളിത് നേതാവ് എന്ന നിലയില്‍ മാത്രമേ ബഹുഭൂരിപക്ഷം പേരുടെ ഇടയിലും ഇന്നും അയ്യങ്കാളി അറിയപ്പെടുന്നുള്ളൂ. അതിന്റെ കാരണം പാഠപുസ്തകങ്ങളിലോ മറ്റു സാഹിത്യങ്ങളിലോ ഒന്നും അര്‍ഹിക്കുന്ന പ്രാധാന്യം അദ്ദേഹത്തിന് നല്‍കപ്പെട്ടില്ല എന്നതാണ്. ജീവിതത്തിന്റെ ആദ്യകാലം ജനസേവനത്തിനിറങ്ങി അധികാരം ലഭിക്കുമ്പോള്‍ അതിന്റെ ലഹരിയില്‍ പില്‍ക്കാലത്തെല്ലാം പുകഴ്ത്തപ്പെടുന്ന രാഷ്ട്രീയനേതാക്കളുടെ പ്രാധാന്യം ഒരു കുത്തകയാക്കി മാറ്റാന്‍ അയ്യങ്കാളിയെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമം പതിറ്റാണ്ടുകള്‍ക്കുമുമ്പേ നടന്നിട്ടുണ്ടോ എന്ന് സംശയിക്കാതിരിക്കാന്‍ കഴിയില്ല.
Read more
ബ്രഹ്‌മാണ്ഢ സിനിമകള്‍ കോടികള്‍ കൊയ്യുമ്പോള്‍ ടെക്‌നോളജിയും ഡ്യൂപ്പുകളെയും റീടെയ്ക്കുമെടുത്ത ത്രസിപ്പിക്കുന്ന രംഗങ്ങള്‍ കണ്ട് താരങ്ങളാകുന്ന കടലാസുപുലികള്‍ക്ക് കൈയടിക്കുമ്പോള്‍ നമുക്ക് ഓര്‍മ്മിക്കാം. 128 കൊല്ലങ്ങള്‍ക്കുമുമ്പ് അടിച്ചുകൊല്ലാന്‍ കൊതിച്ച ശത്രുമദ്ധ്യത്തിലൂടെ കീഴാളര്‍ക്ക് നിഷിദ്ധമായ ഉടയാടകളണിഞ്ഞ് ഒരു രാജാവിനെപ്പോലെ അയാള്‍ വില്ലുവണ്ടി യാത്രനടത്തിയത്. ആയുധങ്ങളുമായി വഴിയില്‍ തടഞ്ഞവരെ കാളവണ്ടിയില്‍ നിന്നും ചാടിയിറങ്ങി ഒറ്റക്കുനേരിട്ടു തുരത്തിയോടിച്ച് ഒരു സിംഹത്തെപ്പോലെ വീണ്ടും മുന്നേറിയത്.