Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ചങ്കു പറിച്ചു നൽകുന്ന ആരാധകരെ തള്ളിപ്പറയില്ല, വിനീതിനു പിന്തുണയുമായി അനസ്

, 6:14 pm

ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ സികെ വിനീത് നടത്തിയ പ്രസ്താവനയിൽ താരത്തിനു പിന്തുണയുമായി അനസ് എടത്തോടിക്ക. ഇന്നലെ ‘ദി ഹിന്ദു’ പത്രത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെയുള്ള വിനീതിന്റെ പ്രതികരണം വാർത്തയായി വന്നത്. ജയത്തിലും തോൽവിയിലും കൂടെ നിന്നു പിന്തുണക്കുന്നവർ ആയിരിക്കണം യഥാർത്ഥ ആരാധകരെന്നും ബ്ലാസ്റ്റേഴ്സിനുള്ളത് യഥാർത്ഥ ആരാധകരാണെന്നു തോന്നുന്നില്ലെന്നുമാണ് താരം പറഞ്ഞതായി വാർത്തയിൽ വന്നത്. ഈ സീസണു ശേഷം ക്ലബ് വിടുമെന്നു താരം പറഞ്ഞതായും മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ നാളെ നടക്കാനിരിക്കുന്ന മത്സരത്തിനു മുൻപ് മാധ്യമങ്ങളെ കണ്ടപ്പോൾ ഈ വാർത്തകൾ അനസ് നിഷേധിച്ചു.

ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുമായി വിനീതിന് യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്നാണ് അനസ് വ്യക്തമാക്കിയത്. താരത്തോട് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും താൻ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിൽ വന്നതെന്നാണ് വിനീത് പറഞ്ഞതെന്നും അനസ് പറഞ്ഞു. വിനീതിനെ തനിക്കറിയാമെന്നും ഒരിക്കലും ചങ്കു പറിച്ചു നൽകുന്ന ആരാധകരെ പറ്റി താരം മോശമായി പറയില്ലെന്നും അനസ് അഭിപ്രായപ്പെട്ടു.

ഇന്നലെ താരത്തിന്റെ പ്രസ്താവന വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനു ശേഷം താരത്തിനെതിരെ ആരാധകരുടെ പ്രതിഷേധം വ്യാപകമായിരുന്നു. ടീമിനു വേണ്ടി മോശം ഫോമിൽ കളിക്കുന്നതിനിടെ ഇത്തരമൊരു പ്രസ്താവന നടത്തിയതാണ് ആരാധകരെ പ്രധാനമായും ചൊടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് സംഭവത്തിൽ വ്യക്തത വരുത്തി അനസ് രംഗത്തെത്തിയത്.

എന്തായാലും മോശം ഫോമിലുള്ള വിനീതിനെ അടുത്ത മത്സരത്തിൽ നിന്നും മാറ്റണമെന്ന ആരാധകരുടെ ആവശ്യം ശക്തമാണ്. അനസിനെ കളിക്കാൻ ഇറക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നു. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച പ്രതിരോധ താരമാണെങ്കിലും ഈ സീസൺ ഐഎസ്എല്ലിൽ ഒരു മത്സരം പോലും അനസ് കളിച്ചിട്ടില്ല.

Advertisement