Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ആരാധകർ ഇതു കേൾക്കണം, അവസരങ്ങളില്ലാത്തതിൽ പ്രതികരണവുമായി അനസ്

, 1:07 pm

ഏറെ പ്രതീക്ഷകളോടെയാണ് കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്സിൽ അനസ് എടത്തോടിക്ക കളിക്കാനെത്തിയത്. എന്നാൽ സീസൺ ഇത്രയധികം പിന്നിട്ടിട്ടും ഒരു മത്സരത്തിൽ പോലും താരത്തിനു ഇറങ്ങാനായിട്ടില്ല. ആദ്യ മൂന്നു മത്സരങ്ങൾ സസ്പെൻഷൻ മൂലം നഷ്ടമായ താരത്തിന് ടീമിലേക്കു തിരിച്ചു വരവിന് തടസമായത് ലാകിച്ച് പെസിചിന്റെ തകർപ്പൻ ഫോമാണ്. എന്നാൽ സീസണിൽ ബ്ലാസ്റ്റേഴ്സ് മോശം ഫോമിലേക്കു വീണതോടെ അനസിനെ ടീമിൽ ഇറക്കണമെന്ന ആരാധകരുടെ ആവശ്യം ശക്തമാവുകയാണ്. ഇന്നലെ മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ ഇക്കാര്യത്തിൽ അനസ് തന്നെ പ്രതികരണവുമായെത്തി.

തന്നെ ടീമിൽ ഇറക്കാത്തതിൽ ഒരു പരിഭവവുമില്ലെന്നും അതു ടീമിന്റെ ഗുണത്തിനു വേണ്ടിയാണെന്നുമാണ് താരം പറയുന്നത്. “ഇരുപത്തിയഞ്ചു കളിക്കാർ ഈ ടീമിലുണ്ട്. എട്ടു പ്രതിരോധ താരങ്ങളുൾപ്പെടെയുള്ള ടീമിലെ പകരക്കാരടക്കം മികച്ച താരങ്ങളാണ്. ഇതു വരെ പ്രതിരോധത്തിന്റെ പിഴവു മൂലം ഒരു ഗോൾ പോലും ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടില്ലെന്നിരിക്കെ താരങ്ങളെ മാറ്റി പരീക്ഷിക്കണോ വേണ്ടയോ എന്നത് പരിശീലകന്റെ തീരുമാനമാണ്. ഞാനീ കാര്യത്തിൽ ടീമിന്റെ തീരുമാനത്തിനൊപ്പം തന്നെയാണ്.” അനസ് പറഞ്ഞു.

അനസിന്റെ വാക്കുകൾ വളരെ കൃത്യമാണ്. പ്രതിരോധത്തിൽ ജിംഗനേക്കാൾ മികച്ച പ്രകടനം നടത്തുന്ന പെസിച്ചിനെ മാറ്റേണ്ട കാര്യം ടീമിനില്ല. തികച്ചും പ്രൊഫഷണൽ സമീപനത്തോടെ കളിക്കുന്ന പെസിച്ച് കൃത്യമായ പൊസിഷനിങ്ങിലൂടെ എതിർ ആക്രമണങ്ങളെ തടയിട്ട് അവസാനം വരെ ഒരേ ഊർജ്ജസ്വലതയോടെ കളിക്കുന്ന താരമാണ്. അതേ സമയം തൊണ്ണൂറു മിനിട്ടും ഒരേ ആവേശത്തോടെ കളിക്കുന്ന മറ്റു താരങ്ങൾ കുറവാണെന്നതു തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടിക്കുള്ള പ്രധാന കാരണവും.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങിയ ഭൂരിപക്ഷം ഗോളുകളും പ്രതിരോധത്തിന്റെ പിഴവുകൾ കൊണ്ടല്ല. പ്രതിരോധത്തിനു പോലും തടുക്കാനാവാത്ത ഇടിമിന്നൽ ഗോളുകളാണ് പല മത്സരത്തിലും എതിടീമുകൾ നേടിയത്. ബംഗളൂരു, പൂനെ എന്നിവരുമായുള്ള മത്സരങ്ങളിൽ റഫറിയുടെ തെറ്റായ തീരുമാനങ്ങളും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായിട്ടുണ്ട്.

Advertisement