Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

അമ്മയെ നഷ്ടപ്പെട്ട കുട്ടിയെ പോലെ മെസി ഒറ്റക്കിരുന്നു കരയുന്നത് കണ്ടിട്ടുണ്ടെന്ന് മുൻ അർജൻറീന പരിശീലകൻ

, 5:42 pm

ദേശീയ ടീമിനൊപ്പം ഒരു കിരീടം സ്വന്തമാക്കാനായിട്ടില്ലെന്ന പാപഭാരം വളരെക്കാലമായി പേറുന്ന ഒരു കളിക്കാരനാണ് ലയണൽ മെസി. മൂന്നു തവണ തന്റെ ലക്ഷ്യത്തിനു വളരെയടുത്ത് മെസി എത്തിയെങ്കിലും മൂന്നു പ്രാവശ്യവും ഫൈനലിൽ പരാജയപ്പെടാനായിരുന്നു താരത്തിനു വിധി. അതിൽ തന്നെ 2016ലെ കോപ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതാണ് മെസിക്ക് ഏറ്റവും വേദനയുണ്ടാക്കുന്ന തോൽവിയായി മാറിയതെന്നാണ് അർജൻറീനയുടെ മുൻ ഫിറ്റ്നസ് പരിശീലകൻ എൽവിയോ പോളറോസോ വെളിപ്പെടുത്തുന്നത്. പെനാൽട്ടി ഷൂട്ടൗട്ടിലേക്കു നീണ്ട കോപ അമേരിക്ക ഫൈനൽ പോരാട്ടത്തിൽ മെസി അർജൻറീനക്കു വേണ്ടിയെടുത്ത ആദ്യത്തെ പെനാൽട്ടി പുറത്തേക്കടിച്ച് പാഴാക്കിയിരുന്നു.

മത്സരത്തിൽ തോറ്റത് അത്യന്തം വേദനാജനകമായിരുന്നെങ്കിലും അതിലും വേദനിപ്പിച്ച കാഴ്ച അതിനു ശേഷമായിരുന്നുവെന്നാണ് പോളറോസോ പറയുന്നത്. രാത്രി രണ്ടു മണിക്ക് താൻ സ്റ്റോർ റൂമിലെത്തിയപ്പോൾ മെസി അവിടെ ഒറ്റക്കിരുന്നു കരയുകയായിരുന്നു. സ്വന്തം അമ്മയെ നഷ്ടപ്പെട്ട ഒരു കൊച്ചു കുട്ടി കരയുന്നതു പോലെയാണു തനിക്കതു തോന്നിയത്. താരത്തെ സമാധാനിപ്പിക്കാൻ അടുത്തെങ്ങും ആരുമില്ലായിരുന്നു. ഞാൻ മെസിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും കുറേ നേരം താരത്തോടൊപ്പം അവിടെ ചിലവഴിക്കുകയും ചെയ്തു. പോളറെസോ പറയുന്നു. മെസിക്കൊപ്പം ബാഴ്സയിലും അർജൻറീനയിലും താൻ ചിലവഴിച്ചിട്ടുണ്ടെന്നും കളിക്കളത്തിലും പുറത്തും ഇത്രയും മികച്ച താരത്തെ താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ചിലിക്കെതിരായ മത്സരത്തിൽ തോറ്റതോടെ തുടർച്ചയായ മൂന്നാമത്തെ ഫൈനലിലാണ് അർജൻറീന അന്നു കീഴടങ്ങിയത്. അതിനു മുൻപ് 2014 ലോകകപ്പ് ഫൈനലിലും 2015 കോപ അമേരിക്കയിലും അർജൻറീന തോൽവിയേറ്റു വാങ്ങിയിരുന്നു. ഇതു വരെയും ദേശീയ ടീമിനൊപ്പം ഒരു കിരീടമെന്ന സ്വപ്നം പൂർത്തിയാക്കാൻ മെസിക്കു കഴിഞ്ഞിട്ടില്ല. ഇപ്പോൾ അർജന്റീന ടീമിൽ നിന്നും മാറി നിൽക്കുന്ന താരം അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ അമേരിക്ക ടൂർണമെൻറിനു മുൻപു തിരിച്ചെത്തി കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Advertisement