Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

‘ഫുട്ബോളിന്റെ ഭംഗിയതാണ്’, വിനീതിനു പൂർണ പിന്തുണയുമായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ

, 4:51 pm

അടുത്തിടെ നടന്ന മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ച വെച്ച ബ്ലാസ്റ്റേഴ്സ് താരം വിനീതിനെതിരെ ആരാധകരുടെ രോഷം ശക്തമായി കൊണ്ടിരിക്കെ താരത്തിനു പിന്തുണയുമായി ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ താങ്ങ്ബോയ് സിങ്ങ്തോ. ഇന്നത്തെ മത്സരത്തിനു മുൻപ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് സിങ്ങ്തോ മലയാളി താരത്തെ അനുകൂലിച്ചു സംസാരിച്ചത്. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരുവിനെതിരെ ഒരു സുവർണാവസരം പാഴാക്കിയതിനെ തുടർന്നാണ് വിനീതിനെതിരെ രോഷം ശക്തമായത്. താരത്തെ ഇന്നത്തെ മത്സരത്തിൽ കളിപ്പിക്കരുതെന്നാണ് ആരാധകരുടെ ആവശ്യം.

എന്നാൽ ആരാധകരുടെ ഇത്തരത്തിലുള്ള രോഷം ഫുട്ബോളിൽ സാധാരണയാണെന്നാണ് സിങ്ങ്തോയുടെ അഭിപ്രായം. ഇത്തരത്തിലുള്ള വൈകാരികത തന്നെയാണ് ഫുട്ബോളിനെ ലോകത്തിലെ ഏറ്റവും മനോഹരമായ കളിയായി നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിനീത് ടീമിനു വേണ്ടി കഴിവിന്റെ പരമാവധി ശ്രമം നടത്തുന്നുണ്ടെന്നും എല്ലാ താരങ്ങളും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനു വേണ്ടി ആത്മാർത്ഥമായ പ്രകടനം തന്നെയാണ് മൈതാനത്തു നടത്തുന്നതെന്നുമാണ് സിങ്ങ്തോ പറയുന്നത്.

വിനീത് ആരാധകരെ വിമർശിച്ചുവെന്ന വാദങ്ങൾ ഉയർന്നതിനെ അനസും തള്ളിക്കളഞ്ഞു. താരവുമായി സംസാരിച്ചിരുന്നുവെന്നും താൻ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിൽ വന്നതെന്നാണ് വിനീത് പറഞ്ഞതെന്നും അനസ് വെളിപ്പെടുത്തി. മാധ്യമ പ്രവർത്തകരുമായുള്ള സ്വകാര്യ സംഭാഷണങ്ങളിൽ പോലും ഒരു താരവും ഒരിക്കലും ആരാധകരെ കുറ്റം പറയില്ലെന്നും അനസ് പറഞ്ഞു. തനിക്ക് അവസരങ്ങൾ ലഭിക്കാത്തതിൽ നിരാശയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

തുടർച്ചയായ തിരിച്ചടികളിൽ ആരാധകർക്ക് നിരാശയുണ്ടെങ്കിലും വിനീതിനു പകരം അനസിനെ ഇറക്കണമെന്നതടക്കം അവർ ഉന്നയിക്കുന്ന പല വാദങ്ങളും വിചിത്രമാണെന്നതും സത്യമാണ്. ബ്ലാസ്റ്റേഴ്സിന്റെ കേളീ ശൈലി മൂലം തൊണ്ണൂറു മിനുട്ടും ഒരേ ഊർജ്ജത്തോടെ കളിക്കാൻ താരങ്ങൾക്കു കഴിയുന്നില്ല. ആദ്യം തന്നെ മരണക്കളി കളിച്ച് എല്ലാ ഊർജ്ജവും ചെലവാക്കി അവസാന നിമിഷങ്ങളിൽ ഒരു ആക്രമണം നടത്താൻ കൂടി ശേഷിയില്ലാത്തവരായി ടീം മാറുന്നത് കഴിഞ്ഞ കുറേ മത്സരങ്ങളിലായി സ്ഥിരം സ്വഭാവമാണ്.

Advertisement