Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഗോളടിക്കാൻ താരങ്ങൾ വിഷമിക്കുമ്പോൾ സൂപ്പർ താരത്തെ ലോണിൽ പറഞ്ഞയച്ച് ബ്ലാസ്റ്റേഴ്സ്

, 2:44 pm

കഴിഞ്ഞ സീസണിൽ നിന്നും ഒരു മാറ്റവുമില്ലാതെയാണ് പുതിയ സീസണിലും ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. ആറു മത്സരങ്ങൾ പൂർത്തിയായപ്പോൾ അതിൽ ഒരു ജയവും നാലു സമനിലയും ഒരു തോൽവിയുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ടീം. സ്വന്തം മൈതാനത്തു നടന്ന മൂന്നു മത്സരങ്ങളിൽ ഒരെണ്ണത്തിലും ടീമിനു വിജയിക്കാനായിട്ടില്ല. ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാനാവാതെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര പതറുമ്പോൾ കഴിഞ്ഞ സീസണിൽ കേരളത്തിന്റെ അഭിമാനമായ മുന്നേറ്റനിര താരത്തെ ബംഗളൂരു ടീമായ ഓസോൺ എഫ്സിക്ക് വിട്ടുകൊടുക്കുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തത്.

കഴിഞ്ഞ സീസണിൽ എഫ്സി കേരളക്കു വേണ്ടി ജിതിൻ എംഎസ് നേടിയ ഗോൾ ഒരു ഫുട്ബോൾ പ്രേമിക്കും മറക്കാനാവില്ല. ഫുട്ബോൾ മൈതാനങ്ങളിൽ കളിക്കാർ അപൂർവ്വമായി മാത്രം പുറത്തെടുക്കുന്ന റെയിൻബോ സ്കില്ലടക്കം കാണിച്ചാണ് താരം ഗോൾ നേടിയത്. അതിനു ശേഷം സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തെ കിരീടത്തിലെത്തിക്കുന്നതിലും ജിതിന്റെ ഗോളടിമികവ് നിർണായകമായിരുന്നു. അതിനു പിന്നാലെയാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.

മൈതാനത്ത് ചാട്ടുളി പോലെ കുതിക്കാൻ കഴിയുന്ന ജിതിൻ പ്രീ സീസൺ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയിരുന്നു. സീനിയർ ടീമിനൊപ്പം താരം കളിക്കാനിറങ്ങുന്നത് പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കിയാണ് താരത്തെ ബ്ലാസ്റ്റേഴ്സ് ഓസോൺ എഫ്സിയിലേക്കു ലോണിൽ വിട്ടത്. താരത്തെ റിസർവ് ടീമിനൊപ്പം നിലനിർത്തിയിരുന്നെങ്കിൽ വിനീതിനു പകരക്കാരനായി സീനിയർ ടീമിനൊപ്പം പരീക്ഷിച്ചു നോക്കാനുള്ള അവസരം കൂടിയാണ് ഇതുവഴി ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്.

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ റിസർവ് ടീം കളിക്കുന്നില്ലെന്ന തീരുമാനമെടുത്തതാണ് താരങ്ങളെ ലോണിൽ വിടാൻ ബ്ലാസ്റ്റേഴ്സിനെ നിർബന്ധിതമാക്കിയത്. യുവതാരങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ടൂർണമെന്റിൽ നിന്നും പിന്മാറുകയെന്നത് ഒരു പ്രൊഫഷണൽ ടീം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ഇതിനെതിരെ ആരാധകരുടെ പ്രതിഷേധവും ഉയർന്നിരുന്നു. ജിതിന്റെ കാര്യത്തിൽ മാത്രമല്ല, മലയാളി താരങ്ങളായ അനസ് എടത്തോടിക്ക, സക്കീർ മുണ്ടംപാറ, അബ്ദുൾ ഹക്കു എന്നിവർക്ക് ഇതുവരെ ടീമിൽ അവസരം നൽകാത്തതിലും ആരാധകർക്ക് പ്രതിഷേധമുണ്ട്.

Advertisement