Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

എംബാപ്പെ അധ്വാനിയല്ലായിരുന്നു, ചെൽസി താരത്തെ നഷ്ടപ്പെടുത്തിയ കഥ പറഞ്ഞ് മുൻ പരിശീലകൻ

, 3:15 pm

പത്തൊൻപതാം വയസിൽ മറ്റു താരങ്ങൾക്കൊന്നും സ്വപ്നം കാണാനാവാത്ത നേട്ടമാണ് എംബാപ്പെ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. മൊണോക്കോയിലും പിഎസ്ജിയിലുമായി രണ്ടു ഫ്രഞ്ച് ലീഗ് കിരീടങ്ങൾ, ഒരു യൂറോപ്യൻ U19 കിരീടം, ഒരു ഫിഫ ലോകകപ്പ് എന്നിവയെല്ലാം ഇക്കാലയളവിൽ താരം സ്വന്തമാക്കി. അതിനെല്ലാം പുറമേ നൂറ്റിയെൺപതു ദശലക്ഷം യൂറോ പ്രൈസ് ടാഗുമായി ലോകത്തിലെ വില കൂടിയ രണ്ടാമത്തെ ഫുട്ബോൾ താരമെന്ന നേട്ടവും എംബാപ്പെക്കുണ്ട്. പതിനെട്ടാം വയസിൽ പിഎസ്ജിയിലെത്തിയ താരത്തിനെ 2012ൽ തന്നെ സ്വന്തമാക്കാൻ ചെൽസിക്ക് അവസരമുണ്ടായിരുന്നുവെന്നാണ് ചെൽസിയുടെ മുൻ പരിശീലകൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്. റയൽ മാഡ്രിഡായിരുന്നു എംബാപ്പെയുടെ സ്വപ്ന ക്ലബെങ്കിലും എല്ലാവർക്കും മുന്നേ ചെൽസിയിലാണ് എംബാപ്പെ ട്രയൽസിലെത്തിയതെന്നും അന്നു താരത്തെ സ്വന്തമാക്കാൻ കഴിയാതെ പോയതിന്റെ കാരണവും മുൻ പരിശീലകൻ ഡാനിയൽ ബോഗ വെളിപ്പെടുത്തി.

നൈക്കിയിൽ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ നിർദ്ദേശ പ്രകാരമാണ് അന്നു താൻ എംബാപ്പയെ ചെൽസി ട്രയൽസിനായി ക്ഷണിച്ചതെന്നാണ് ബോഗ പറയുന്നത്. “അന്നു ബോണ്ടിയെന്ന ഫ്രാൻസിലെ കുഞ്ഞൻ ക്ലബിനു വേണ്ടി കളിച്ചിരുന്ന എംബാപ്പെ ചെൽസി ട്രയൽസിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. എന്നാൽ അന്നു താരം കളിക്കളത്തിൽ അത്ര അധ്വാനിയായിരുന്നില്ല. പന്തു കാലിലുള്ളപ്പോൾ എംബാപ്പെ മികച്ച പ്രകടനം നടത്തുമായിരുന്നുവെന്നും എന്നാൽ പന്തു നഷ്ടമായാൽ അതിനെ പ്രതിരോധിക്കാനൊന്നും താരം തയാറാകുമായിരുന്നില്ല. ആദ്യ ട്രയൽസിൽ താരത്തിനു മികച്ച കഴിവുകളുണ്ടെന്നു ബോധ്യമായെങ്കിലും ഇക്കാരണം കൊണ്ട് രണ്ടാമതൊരു ട്രയൽ കൂടി നടത്താൻ തങ്ങൾ ക്ഷണിച്ചുവെന്നും എന്നാൽ അതു താരത്തിന്റെ മാതാവ് നിരസിച്ചതു കാരണമാണ് എംബാപ്പയെ അന്നു ചെൽസിക്കു സ്വന്തമാക്കാനാവാതെ പോയത്”. ബോഗെ പറയുന്നു.

എംബാപ്പെയുടെ അമ്മ അന്നു തന്നോടു പറഞ്ഞ വാക്കുകളും അദ്ദേഹം വെളിപ്പെടുത്തി. “ഇനിയൊരു ട്രയൽസിന് എന്റെ മകൻ വരില്ല. നിങ്ങൾക്കു വേണമെങ്കിൽ അവനെ ഇപ്പോൾ സ്വന്തമാക്കാം. ഇല്ലെങ്കിൽ മൂന്നോ നാലോ വർഷങ്ങൾക്കു ശേഷം അവനു വേണ്ടി നിങ്ങൾ അൻപതു ദശലക്ഷം യൂറോയുമായി തന്നെ വന്നു കാണേണ്ടി വരും.” എംബാപ്പെയുടെ അമ്മ പറഞ്ഞു. അവർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായെണെന്നും അവരുടെ ആ ആത്മവിശ്വാസത്തിന്റെ ഫലമാണ് അതിലും എത്രയോ ഇരട്ടി മൂല്യമുള്ള താരമായി എംബാപ്പെ വളരാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ചെൽസി അന്നു തന്നെ എംബാപ്പയെ സ്വന്തമാക്കണമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Advertisement