Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

സിആർ7 യുഗം കഴിഞ്ഞു, സ്പാനിഷ് ലീഗിൽ ഇനി സി7 യുഗാരംഭം

, 5:43 pm

ക്രിസ്ത്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതോടെ സ്പാനിഷ് ലീഗിനെ വളരെക്കാലമായി അടക്കി ഭരിച്ച ജേഴ്സിയായ ഏഴാം നമ്പറിന്റെ അവകാശി കൂടിയാണ് ഇല്ലാതായത്. എന്നാൽ റൊണാൾഡോയുടെ ഏഴാം നമ്പറിനെ വിസ്മൃതിയിലാക്കാൻ മറ്റൊരു സൂപ്പർ താരമാണ് ലാലിഗയിൽ ഇപ്പോൾ ഏഴാം നമ്പർ ജേഴ്സിയി കൈക്കലാക്കിയിരിക്കുന്നത്. എന്നാൽ റയലിൽ നിന്നല്ല, ബാഴ്സയിൽ നിന്നാണ് ക്രിസ്ത്യാനോയുടെ ഏഴാം നമ്പർ ജേഴ്സിക്കു പകരം വക്കാൻ സ്പാനിഷ് ലീഗിൽ ഒരു താരമുയർന്നു വരുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബ്രസീലിയൻ താരം കുട്ടീന്യോയാണ് ഈ സീസണിൽ ബാഴ്സയുടെ ഏഴാം നമ്പർ ജേഴ്സിയിലിറങ്ങി സ്പാനിഷ് ലീഗിൽ പുതിയ യുഗാരംഭം കുറിക്കാനൊരുങ്ങുന്നത്. ആർദ ടുറാന്റെ ഏഴാം നമ്പർ ജേഴ്സിയാണ് ബാഴ്സ കുട്ടീന്യോക്കു നൽകിയത്.

കഴിഞ്ഞ ജനുവരിയിലാണ് കുട്ടിന്യോ ലിവർപൂളിൽ നിന്നും കറ്റലൻ ക്ലബിന്റെ റെക്കോർഡ് ട്രാൻസ്ഫർ തുകക്ക് ബാഴ്സയിലെത്തിയത്. അതിനു ശേഷം ബാഴ്സയുടെ പതിനാലാം നമ്പർ ജേഴ്സിയായിരുന്നു താരം അണിഞ്ഞിരുന്നത്. ലിവർപൂൾ താരത്തെ വിട്ടു നൽകാൻ തയ്യാറാവാതിരുന്നിട്ടും ബാഴ്സയിലേക്കെത്തണമെന്ന് കുട്ടീന്യോ നിർബന്ധം പിടിച്ചതു കൊണ്ടാണ് താരത്തെ ഇംഗ്ലീഷ് ക്ലബ് വിട്ടു നൽകിയത്. അതിനു പകരമായി വമ്പൻ താരങ്ങൾ അണിഞ്ഞിരുന്ന ജേഴ്സി തന്നെ നൽകിയാണ് ബാഴ്സലോണ കുട്ടീന്യോയെ പുതിയ സീസണിനിറക്കുന്നത്. ആർദ ടുറാനു മുൻപ് ഡേവിഡ് വിയ്യയും ലൂയിസ് ഫിഗോയുമാണ് ബാഴ്സയുടെ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞിരുന്നത്.

ഈ സീസണിലാണ് ബാഴ്സലോണക്കൊപ്പം എല്ലാ ടൂർണമെന്റിലും കളിക്കാൻ കുട്ടീന്യോക്കു കഴിയുക. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ താരത്തിനു കളിക്കാൻ കഴിഞ്ഞിരുന്നില്ല. അതിലൊഴികെ മറ്റു രണ്ടു ടൂർണമെന്റിലും ബാഴ്സ കിരീടം നേടുകയും ചെയ്തു. ഇരുപത്തിരണ്ടു മത്സരങ്ങളിൽ ബാഴ്സ മധ്യനിരയിൽ ഇറങ്ങിയ കുട്ടീന്യോ പത്തു ഗോളുകൾ ടീമിനു വേണ്ടി നേടി. ഈ സീസണിൽ ഒന്നു കൂടി മികച്ച താരങ്ങൾ ടീമിലുള്ളതു കൊണ്ട് കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് ബ്രസീലിയൻ താരത്തിന്റെ പ്രതീക്ഷ. ഞായറാഴ്ച രാത്രി നടക്കുന്ന സ്പാനിഷ് സൂപ്പർ കോപ്പയാണ് സീസണിലെ ബാഴ്സയുടെ ആദ്യ മത്സരം.

Advertisement