ആ 153 റണ്‍സിന് ഒരു പ്രസക്തിയും ഇല്ല; വികാരഭരിതനായി കോഹ്ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ നിരാശ തുറന്ന് പ്രകടിപ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. മല്‍സരം തോറ്റ സ്ഥിതിക്ക് ഒന്നാം ഇന്നിങ്‌സില്‍ താന്‍ നേടിയ സെഞ്ച്വറി കൊണ്ട് ഒരു കാര്യമില്ലെന്നും കോഹ്‌ലി പ്രതികരിച്ചു.

“ടീം പരമ്പര തോറ്റ സ്ഥിതിക്ക് ആ 153 റണ്‍സിന് എന്തു വിലയാണുള്ളത്. നമ്മള്‍ ജയിച്ചിരുന്നെങ്കില്‍ 30 റണ്‍സാണ് നേടിയിരുന്നതെങ്കില്‍പ്പോലും അതിന് കൂടുതല്‍ മൂല്യമുണ്ടാകുമായിരുന്നു. മല്‍സരം ജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വ്യക്തിഗത നേട്ടങ്ങള്‍ കൊണ്ട് എന്തു പ്രയോജനമാണുള്ളത്? ടീമെന്ന നിലയില്‍ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിച്ചാല്‍ മാത്രമേ നമുക്കു വിജയത്തിലെത്താനാകൂ. നമ്മള്‍ ശ്രമിച്ചെങ്കിലും വിജയം സ്വന്തമാക്കാനായില്ല എന്നതാണ് സത്യം. ഫീല്‍ഡിങ്ങില്‍ തീര്‍ത്തും ദയനീയമായ പ്രകടനമായിരുന്നു നമ്മുടേത് കോഹ്‌ലി പറഞ്ഞു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചിനു സമാനമായിരുന്നു സെഞ്ചൂറിയനിലെ പിച്ചെങ്കിലും അതിന്റെ നേട്ടമുണ്ടാക്കാന്‍ ബാറ്റിങ് നിരയ്ക്കു സാധിച്ചില്ലെന്നും കോഹ്‌ലി വിമര്‍ശിച്ചു.

സെഞ്ചൂറിയനിലെ പിച്ച് വളരെയധികം ഫ്‌ലാറ്റായിരുന്നു. അത് നമ്മെ സംബന്ധിച്ച് വളരെ ആശ്ചര്യകരമായിരുന്നു. ടോസിന് മുന്‍പ് കണ്ടതില്‍നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ പിച്ചിന്റെ അവസ്ഥയെന്ന് ഞാന്‍ സഹതാരങ്ങളോട് പറയുകയും ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനു ശേഷം നമ്മള്‍ കുറച്ചുകൂടി ശ്രദ്ധയോടെ കളിക്കേണ്ടതായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ മികച്ച കൂട്ടുകെട്ടുകള്‍ തീര്‍ക്കാന്‍ സാധിക്കാതെ പോയതാണ് തോല്‍വിയിലേക്ക് നയിച്ചത്. ഇത് നമ്മള്‍ സ്വയം വരുത്തിവച്ചതാണ്. ബോളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്നും കോഹ്‌ലി ചൂണ്ടിക്കാട്ടി.

അതേസമയം, ഈ തോല്‍വിയും മൈതാനത്ത് തന്നെ ഉപേക്ഷിച്ച് പോകാനാണ് തനിക്കിഷ്ടമെന്നും കോഹ്‌ലി പറഞ്ഞു. അതാണ് തന്റെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.

2014ല്‍ മഹേന്ദ്രസിങ് ധോണിയില്‍നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് കോഹ്‌ലിക്കു കീഴില്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകുന്നതെന്ന പ്രത്യേകതയുമുണ്ട്.