'അന്തിക്ക് കലം ഉടച്ചു'; ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് തോൽവി; നിരാശയോടെ ഇന്ത്യൻ ആരാധകർ

ചാമ്പ്യൻഷിപ്പ് നിലനിർത്താൻ സാധിക്കാതെ അവസാന മത്സരത്തിൽ ശ്രീലങ്കയോട് 8 വിക്കറ്റുകൾക്ക് തോറ്റ് ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനമാണ് ശ്രീലങ്കൻ താരങ്ങൾ കാഴ്ച വെച്ചത്. ടോസ് നേടിയ ഹർമൻ പ്രീത് കൗർ ശ്രീലങ്കയെ ബോളിങ്ങിന് അയച്ചു. വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദനാ 47 പന്തിൽ നിന്നും 60 റൺസ് എടുത്തു. കൂടാതെ ജെമിമ റോഡ്രിഗസ് 16 പന്തിൽ 29 റൺസും, റിച്ച ഘോഷ് 14 പന്തിൽ 30 റൺസും എടുത്ത് തിളങ്ങി. എന്നാൽ മികച്ച സ്കോർ ലെവൽ ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. 20 ഓവറുകളിൽ ഇന്ത്യ 165 റൺസ് മാത്രമാണ് വിജയലക്ഷ്യം കുറിച്ചത്.

മികച്ച ബോളിങ് യൂണിറ്റ് ഉള്ള ടീം ആണ് ഇന്ത്യ. പക്ഷെ ഇന്നത്തെ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ബോളിങ്ങിന് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിച്ചിരുന്നില്ല. ശ്രീലങ്കയുടെ രണ്ട് വിക്കറ്റുകൾ മാത്രമാണ് ഇന്ത്യയ്ക്ക് വീഴ്ത്താനായത്. ശ്രീലങ്കയുടെ ഓപ്പണിങ് ബാറ്റർ ആയ വിഷ്മി ഗുണരത്നെയെ തുടക്കത്തിൽ തന്നെ പുറത്താക്കിയിരുന്നു. പുറകെ വന്ന ക്യാപ്റ്റൻ ചമരി അത്തപത്തുവും ഹർഷിത സമരവിക്രമയും ചേർന്ന് ശ്രീലങ്കയെ വിജയത്തിലേക്കു നയിച്ചു. 43 പന്തുകൾ നേരിട്ട ചമരി 61 റൺസെടുത്തു ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു. 69 റൺസെടുത്ത ഹർഷിത കളിയുടെ അവസാനം വരെ പുറത്താകാതെ നിന്നു.

അവസാന പന്തുകളിൽ തകർത്തടിച്ച കവിഷ ദിൽഹരിയും ശ്രീലങ്കയ്ക്കായി നിർണായക പ്രകടനം നടത്തി. 16 പന്തിൽ 30 റൺസാണ് താരം നേടിയത്. ഇന്ത്യൻ ബോളിങ് യൂണിറ്റിനെ നിലംപരിശാക്കി ശ്രീലങ്ക 2024 ഏഷ്യ കപ്പ് ജേതാക്കളായി. ഇരു ടീമുകളും ഫൈനൽ വരെ എത്തിയത് ഒരു മത്സരം പോലും തോൽക്കാതെ ആയിരുന്നു. ഇന്ത്യയുടെ ആ കുതിപ്പിന് ഇതോടെ പര്യവസാനം കണ്ടു. എട്ടു വിക്കറ്റുകളും എട്ടു പന്തുകളും ബാക്കി നിൽക്കേ ആയിരുന്നു ശ്രീലങ്ക വിജയം കുറിച്ചത്. രണ്ടു വിക്കറ്റിന് 18.4 ഓവറിൽ ശ്രീലങ്ക വിജയ റൺസ് നേടുകയായിരുന്നു.