ഇന്ത്യയുടെ യുവ ബാറ്റ്‌സ്മാന്മാരില്‍ ഏറെ ശ്രദ്ധ നേടിയെടുത്ത താരമാണ് ശ്രേയസ് അയ്യര്‍. ഇന്ത്യയുടെ മധ്യനിരയ്ക്കു കരുത്തേകാന്‍ പ്രാപ്തിയുള്ള ശ്രേയസ് കുറച്ചുനാള്‍ പരിക്കിന്റെ പിടിയിലായിരുന്നു. മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ ശ്രേയസിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു. ഇപ്പോള്‍ കളത്തില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന ശ്രേയസ് വേദനയുടെ ആ കാലത്തെ ഓര്‍ത്തെടുക്കുകയാണ്.
പരിക്കേറ്റപ്പോള്‍ ദേഷ്യവും സങ്കടവുമൊക്കെ വന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടിയില്ല. ഡ്രസിംഗ് റൂമില്‍ ചെന്ന് കരഞ്ഞു. പരിക്ക് എനിക്ക് ഉള്‍ക്കൊള്ളാനായില്ല. എന്നാല്‍ ഒരു കളിക്കാരന്‍ അത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടതുണ്ട്- ശ്രേയസ് പറഞ്ഞു.
Read more
പരിക്ക് ഒരു തിരിച്ചടിയാണ്. അതിനെ അതിജീവിച്ചേ മതിയാകൂ. പരിക്കിന് മുന്‍പ് ഏറ്റവും മികച്ച രീതിയിലാണ് പരിശീലനം നടത്തിയിരുന്നത്. അതിനിടെയാണ് പ്രതിസന്ധിയില്‍പ്പെട്ടത്. ഐപിഎല്ലും ലോകകപ്പും തിരിച്ചുവരവിനുള്ള മികച്ച അവസരമാണ്. പ്രത്യേകിച്ച് പരിക്കില്‍ നിന്ന് മുക്തി നേടിയ സാഹചര്യത്തില്‍. ലോകകപ്പിലും ഐപിഎല്ലിലും കളിക്കുക ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് സ്വപ്‌ന സാഫല്യമാണെന്നും ശ്രേയസ് പറഞ്ഞു.