'ഇന്ത്യ ഒന്നും ചെയ്യാന്‍ പോകുന്നില്ല'; ചൊടിപ്പിച്ച് മുന്‍ പേസര്‍

ഇന്ത്യ ഇത്തവണയും ദക്ഷിണാഫ്രിക്കയില്‍ പരമ്പര വിജയം നേടാന്‍ പോകുന്നില്ലെന്ന് മുന്‍ ഫാസ്റ്റ് ബൗളര്‍ മഖായ എന്‍ടിനി. ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വാക്പോരിന് തുടക്കമിട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബോളര്‍.

ദക്ഷിണാഫ്രിക്കയിലെ സാഹചര്യം ആതിഥേയ ടീമിനായിരിക്കും ഗുണം ചെയ്യുക എന്ന് എന്‍ടിനി വിലയിരുത്തുന്നു. കളിക്കാര്‍ക്ക് ഈ വിക്കറ്റ് ഏറെ പരിചിതമാണെന്നത് ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം നല്‍കുന്നതായും എന്‍ടിനി കണക്കുകൂട്ടുന്നു. നാട്ടില്‍ കളിക്കുന്നുവെന്ന ഗുണവും ദക്ഷിണാഫ്രിക്കന്‍ ടീമിന് കിട്ടുമെന്നാണ് എന്‍ടിനിയുടെ പ്രതീക്ഷ.

ഡിസംബര്‍ 26ന് സെഞ്ചൂറിയനിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 2018 ലായിരുന്നു ഇതിന് മുമ്പ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് എത്തിയത്. എന്നാല്‍ 2-1 ന് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.

അതേസമയം എ.ബി. ഡിവില്ലിയേഴ്സ്, ഫാഫ് ഡുപ്ളെസി, ഹാഷിം ആംല, വെര്‍ണൊന്‍ ഫിലാന്‍ഡര്‍, ഡെയ്ല്‍ സ്റ്റെയ്ന്‍ തുടങ്ങിയ മികച്ച താരങ്ങള്‍ അന്ന് ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ഒട്ടേറെ പുതിയ കളിക്കാര്‍ നിരക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മത്സരം കടുപ്പമായിരിക്കുമെന്നാണ് കരുതുന്നത്.