'അവര്‍ക്ക് ഐ.പി.എല്‍ മതി, അന്താരാഷ്ട്ര ക്രിക്കറ്റ് നിസ്സാരം', ഇന്ത്യയെ കടന്നാക്രമിച്ച് പാക് ഇതിഹാസം

അന്താരാഷ്ട്ര നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്നതിലെ വിമുഖതയാണ് ട്വന്റി20 ലോക കപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്ന് പാക് പേസ് ബോളിംഗ് ഇതിഹാസം വസീം അക്രം. ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലവാരത്തിന് അടുത്തെത്താനാവില്ലെന്നും അക്രം വിലയിരുത്തി.

സീനിയര്‍ താരങ്ങളെല്ലാം ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ഏറ്റവും ഒടുവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിച്ചത് മാര്‍ച്ചിലാണ്. ഇതിപ്പോള്‍ നവംബര്‍ ആയി. അന്താരാഷ്ട്ര ക്രിക്കറ്റിനെ ഇന്ത്യ ഗൗരവമായി കാണുന്നില്ലെന്നാണ് അതു തെളിയിക്കുന്നത്. ഐപിഎല്‍ കളിക്കുന്നത് ധാരാളമെന്നാണ് ഇന്ത്യന്‍ താരങ്ങള്‍ കരുതുന്നത്. ഇന്ത്യ ആവശ്യത്തിന് ലീഗ് ക്രിക്കറ്റ് കളിക്കുന്നു. ലീഗ് ക്രിക്കറ്റില്‍ എതിര്‍ നിരയില്‍ ഒന്നോ രണ്ടോ മികച്ച ബോളര്‍മാരേ കാണൂ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ച് മികച്ച ബോളര്‍മാരെ നേരിടേണ്ടി വരും- അക്രം പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ച് മോശമായിരുന്നു. ഏകപക്ഷീയമായ മത്സരമായിരുന്നത്. ഇന്ത്യ ഒരുപാട് പിഴവുകള്‍ വരുത്തി. ടോസ് നഷ്ടപ്പെട്ടപ്പോള്‍ തന്നെ ഇന്ത്യ മാനസികമായി പിന്തള്ളപ്പെട്ടു. നിര്‍ണായക മത്സരത്തില്‍ രോഹിത് ശര്‍മ്മയെ മൂന്നാം നമ്പറില്‍ ഇറക്കിയതാണ് ഏറ്റവും വലിയ പിഴവ്. ഇഷാന്‍ കിഷനെയാണ് മൂന്നാം നമ്പറില്‍ ഇറക്കേണ്ടിയിരുന്നത്. തുടക്കം മുതല്‍ ഇന്ത്യക്ക് അപകട മുന്നറിയിപ്പ് ലഭിച്ചെന്നും അക്രം പറഞ്ഞു.