അടുത്ത വർഷം നടക്കാൻ പോകുന്ന മെഗാ താരലേലത്തിൽ ലക്‌നൗ ക്യാപ്റ്റൻ കെ എൽ രാഹുലും ഉണ്ടാകും എന്നാണ് സൂചന. ഈ വർഷത്തെ ഐപിഎല്ലിൽ രാഹുൽ മികച്ച പ്രകടനം നടത്തിയെങ്കിലും ടീം ഏഴാം സ്ഥാനത്താണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. കളിക്കളത്തിൽ വെച്ച് ടീം ഉടമ കയർത്ത് സംസാരിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിന് ശേഷമാണ് താരം ഇത്തവണ ലക്‌നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമാകില്ല എന്ന റിപോർട്ടുകൾ വന്നത്.
അടുത്ത വർഷത്തെ ഐപിഎല്ലിൽ ടീമിന്റെ ഭാഗമാകുമോ ഇല്ലയോ എന്ന കാര്യത്തിൽ രാഹുൽ തന്റെ തീരുമാനം ഇത് വരെ ലക്‌നൗ മാനേജ്മെന്റിനോട് സംസാരിച്ചിട്ടില്ല. ഉടൻ തീരുമാനം ഉണ്ടാകും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. കളിക്കളത്തിൽ താരത്തിന്റെ പ്രകടനത്തെയും ക്യാപ്റ്റൻസിയെയും പറ്റി ലക്‌നൗവിന്റെ ഫീൽഡിങ് കോച്ച് ജോണ്ടി റോഡ്സ് പുകഴ്ത്തി സംസാരിച്ചു.
ജോണ്ടി റോഡ്സ് പറയുന്നത് ഇങ്ങനെ:
“ഐപിഎലിൽ ഒരു ടീമിൽ നായകനാകുക എന്ന് പറയുന്നത് തന്നെ ഏറ്റവും ബുദ്ധിമുട്ട് ആകുന്ന കാര്യമാണ്. രാഹുൽ മികച്ച രീതിയിലാണ് ടീമിനെ നയിച്ചിരുന്നത്. കൂടാതെ ടീമിനെ പ്ലേ ഓഫുകളിലേക്കും അദ്ദേഹം എത്തിച്ചിട്ടുണ്ട്. അതൊരു ചെറിയ കാര്യമല്ല. നല്ല കഴിവുണ്ടെങ്കിൽ മാത്രമേ ഇത്രയും മികച്ച നായകത്വം കൊണ്ട് ടീമിനെ ഉന്നതങ്ങളിൽ എത്തിക്കാൻ സാധിക്കൂ. സഹ താരങ്ങളോടുള്ള രാഹുലിന്റെ സമീപനവും മികച്ചതാണ്” ജോണ്ടി റോഡ്സ് പറഞ്ഞു.
ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്സ് മൂന്ന് സീസണുകൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അതിൽ രണ്ട് തവണയും പ്ലേ ഓഫിൽ കയറാൻ ടീമിന് സാധിച്ചിരുന്നു. അടുത്ത സീസണിൽ രാഹുൽ ലക്‌നൗവിൽ നിന്ന് ഇറങ്ങിയാൽ മുംബൈ താരമായ രോഹിത്ത് ശർമ്മയെ സ്വന്തമാക്കാനാകും ലക്‌നൗ ശ്രമിക്കുക. അടുത്ത വർഷം ഫെബ്രുവരിയിലാണ് മെഗാതാര ലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.