633 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നത് ഇന്നത്തെ മത്സരത്തിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയതും. ടീമിലെ ടോപ് ഓർഡർ തകർന്നപ്പോൾ യശസ്‌വി ജയ്‌സ്വാളിന്റെ ഒപ്പം സ്കോർ ഉയർത്തിയത് റിഷഭ് പന്ത് ആയിരുന്നു. താരം 52 പന്തുകളിൽ ആറ് ഫോറുകൾ അടക്കം 39 റൺസ് നേടി ടീമിന് മികച്ച അടിത്തറ നൽകി. ഇതോടെ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളിൽ ടീമിനെ രക്ഷിക്കാൻ തനിക്ക് സാധിക്കുമെന്ന അദ്ദേഹം വീണ്ടും തെളിയിച്ചു.
മത്സരത്തിന്റെ ഇടയ്ക്ക് വെച്ച് റിഷഭ് പന്തും ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ആയ ലിറ്റൻ ദാസും തമ്മിൽ വാക്‌പോര് ഉണ്ടായതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ജൈസ്വാളും പന്തും സിംഗിൾ എടുക്കാൻ ഓടുന്നതിന്റെ ഇടയിൽ ഫീൽഡർ ത്രോ ചെയ്ത് റിഷഭിന്റെ പാഡിൽ കൊണ്ടു, ബോൾ തട്ടി പോയ സമയത്ത് വീണ്ടും താരങ്ങൾ സിംഗിൾ എടുത്തു. അത് കണ്ട് ലിറ്റൻ ദാസ് ഉടൻ തന്നെ വാക്‌പോര് നടത്താൻ പന്തിന്റെ അടുക്കലേക്ക് ചെന്നു. ഇതാണ് പ്രശ്നത്തിന് കാരണമായത്.
“ഫീൽഡറോട് മര്യാദക്ക് ത്രോ ചെയ്യാൻ പറയണം, എന്തിനാണ് എന്റെ ദേഹത്തോട്ട് പന്ത് എറിയുന്നത്” ഇതാണ് റിഷഭ് പന്ത് ചോദിച്ചത്. അതിൽ രണ്ട് പേരും തർക്കത്തിൽ ഏർപ്പെടുകയും ചെയ്‌തു. എന്നാൽ അധികം വൈകാതെ തന്നെ പന്തിന് മടങ്ങേണ്ടി വന്നു. ഹസൻ മഹ്മൂദിന്റെ പന്തിൽ കീപ്പർ ലിറ്റൻ ദാസിന്റെ കൈകളിലേക്ക് വിക്കറ്റ് നൽകി അദ്ദേഹം മടങ്ങി.
അതിന് ശേഷം ടീമിനെ മുൻപിൽ നിന്ന് നയിച്ചത് രവീന്ദ്ര ജഡേജയും, ആർ അശ്വിനും ചേർന്നായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 339 -6 എന്ന നിലയിലാണ് ഇപ്പോൾ നിൽക്കുന്നത്. 102 റൺസുമായി ആർ അശ്വിനും, 86 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.