വിരാട് കോഹ്ലി നയിച്ച ഇന്ത്യന്‍ ടീം ലോകത്തെ ഏറ്റവും മികച്ചതായിരുന്നെന്ന മുന്‍ കോച്ച് രവി ശാസ്ത്രിയുടെ അഭിപ്രായം അസ്ഥാനത്തായിപ്പോയെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. രാഹുല്‍ ദ്രാവിഡാണെങ്കില്‍ അങ്ങനെ പറയില്ലായിരുന്നെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. സ്ഥാനമൊഴിയുന്നതിന് മുന്‍പ്, ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ജയത്തെ 1983ലെ ലോക കപ്പ് നേട്ടത്തോട് ശാസ്ത്രി ഉപമിച്ചിരുന്നു.
തികച്ചും ദയനീയമായ അഭിപ്രായ പ്രകടനമാണ് രവി ശാസ്ത്രി നടത്തിയത്. ദ്രാവിഡില്‍ നിന്ന് അത്തരമൊരു പ്രസ്താവന ഒരിക്കലുമുണ്ടാവില്ല. അതാണ് ദ്രാവിഡും മറ്റുള്ളവരും തമ്മിലെ അടിസ്ഥാനപരമായ വ്യത്യാസം- ഗംഭീര്‍ പറഞ്ഞു.
ടീം ജയിക്കുമ്പോള്‍, പുറത്തുള്ളവരെ അഭിപ്രായം പറയാന്‍ അനുവദിക്കൂ. ഓസ്‌ട്രേലിയയിലെ ജയം തീര്‍ച്ചയായും വലിയ നേട്ടമാണ്. ഇംഗ്ലണ്ടിലും മികച്ച പ്രകടനത്തോടെ ഇന്ത്യ വിജയം നേടിയെടുത്തു. ആ വിജയങ്ങളെ ടീമിന് പുറത്തുള്ളവരാണ് പ്രശംസിക്കേണ്ടത്. ശാസ്ത്രിയെപോലെ ദ്രാവിഡ് പറയില്ല. ഇന്ത്യ നന്നായി കളിച്ചാലും മോശമാക്കിയാലും ദ്രാവിഡ് വാക്കുകളില്‍ സംതുലിതാവസ്ഥ പാലിക്കുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.