30 വയസുകാരനും 40 വയസുകാരനും കൂടെ വെടിക്കെട്ട് ബാറ്റിംഗ് നടത്തി ആരാധകരെ ആവേശത്തിലാകുന്ന കാഴ്ചയാണ് മേജർ ക്രിക്കറ്റ് ലീഗിൽ നടന്നു കൊണ്ടിരിക്കുന്നത്. ഐപിഎല്ലിലും പിന്നാലെ നടന്ന ടി20 ലോകകപ്പിലും കിടിലൻ ഫോമിലായിരുന്നു ഓസ്ട്രേലിയൻ ഓപ്പണറായ ട്രാവിസ് ഹെഡ്. ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ എത്തിയതിന് പിന്നിൽ സുപ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. ഇപ്പോളിതാ ഐപിഎല്ലിലും, പിന്നാലെ ടി20 ലോകകപ്പിലും തിളങ്ങിയതിന് ശേഷം അമേരിക്കയിൽ നടക്കുന്ന മേജർ ലീഗ് ക്രിക്കറ്റിലും തിളങ്ങുകയാണ് ഹെഡ്. ഇന്നലെ ടെക്സാസ് സൂപ്പർ കിങ്‌സുമായി നടന്ന മത്സരത്തിൽ ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റേയും മികവിൽ 42 റൺസിന് പരാജയപ്പെടുത്തി വാഷിങ്ങ്ടൺ ഫ്രീഡം.
തുടക്കത്തിലേ വെടിക്കെട്ട് ബാറ്റിംഗ് ആരംഭിച്ച ഹെഡ് 22 പന്തിൽ നിന്നും 53 റൺസ് നേടി. കൂടാതെ സ്റ്റീവ് സ്മിത്ത് അദ്ദേഹത്തിന് അനുയോജ്യമായ പാർട്ണർഷിപ് നൽകി 40 പന്തിൽ നിന്നും 57 റൺസ് നേടി ടീം സ്കോർ 206 ഇൽ എത്തിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടെക്സാസ് സൂപ്പർ കിങ്സിന് വേണ്ടി ഫാഫ് ഡ്യൂ പ്ലെസി വെടിക്കെട്ട് ബാറ്റിങ്ങാണ് നടത്തിയത്. ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരം ഒരു മാറ്റവും ഇല്ലാതെ തന്നെ ആണ് ഈ ടൂർണ്ണമെന്റിലും തന്റെ ഫോം നിലനിർത്തുന്നത്.
207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടെക്സാസ് സൂപ്പർ കിങ്സിനായി വെടിക്കെട്ട് ബാറ്റിങ്ങാണ് നായകൻ ഫാഫ് ഡു പ്ലെസിസ് കാഴ്ച വെച്ചത്. മിന്നും ഫോമിലായിരുന്ന താരം വെറും 32 പന്തുകളിൽ 55 റൺസ് നേടി. അഞ്ച് ബൗണ്ടറികളും അഞ്ച് സിക്സറുകളും ഡു പ്ലെസിസിന്റെ ബാറ്റിൽ നിന്ന് പിറന്നു. എന്നാൽ ഫാഫിനെക്കൂടാതെ മറ്റ് താരങ്ങൾക്കൊന്നും അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. വാഷിങ്ങ്ടൺ ഫ്രീഡത്തിനെതിരെ ഒറ്റയാൾ പോരാട്ടമായിരുന്നു ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലെസി നടത്തിയിരുന്നത്. ടീമിൽ മറ്റാരും മികച്ച പ്രകടനം കാഴ്ച വെക്കാതെ വന്നതോടെ ടെക്സാസ് 42 റൺസിന് മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു.