ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് വെസ്റ്റിന്‍ഡീസ് പേസ് ബോളിംഗ് ഇതിഹാസവും കമന്റേറ്ററുമായ മൈക്കല്‍ ഹോള്‍ഡിംഗ്. 2007ലാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ അവസാനമായി ടെസ്റ്റ് പരമ്പര ജയിച്ചത്. ഇത്തവണ, മഴ തടസപ്പെടുത്തിയ ട്രന്റ് ബ്രിഡ്ജിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. നാല് ടെസ്റ്റുകളാണ് പരമ്പരയില്‍ ഇനി അവശേഷിക്കുന്നത്.
പരമ്പര തുടങ്ങുമ്പോള്‍ ഇന്ത്യയായിരുന്നു ഫേവറിറ്റുകള്‍. അതങ്ങനെതന്നെ തുടരുന്നു. ഇന്ത്യ ഇംഗ്ലണ്ടിനെ അനായാസമായി തോല്‍പ്പിക്കും- ഹോള്‍ഡിംഗ് പറഞ്ഞു.
ഇന്ത്യ ജയിക്കാതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി അവര്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു. ഫലത്തെകുറിച്ച് ആകുലപ്പെടാതെ കളിക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം. യുവത്വവും പരിചയസമ്പത്തും ഇഴചേര്‍ന്ന മികച്ചൊരു ടീം ഇന്ത്യക്കുണ്ടെന്നും ഹോള്‍ഡിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രധാന താരങ്ങളില്‍ ചിലരെ പരിക്ക് വലച്ചെങ്കിലും ട്രെന്റ് ബ്രിഡ്്ജ് ടെസ്റ്റില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. കെ.എല്‍.രാഹുല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ ഇംഗ്ലണ്ടിനുമേല്‍ ആധിപത്യം സ്വന്തമാക്കി. അവസാന ദിനം മഴ കളി തടസപ്പെടുത്താതിരുന്നെങ്കില്‍ ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യക്ക് ജയം സ്വന്തമാക്കാന്‍ കഴിയുമായിരുന്നു.