ട്വന്റി20 ലോക കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. കളിക്ക് മുമ്പ് വാക്കുകള്‍ കൊണ്ടുള്ള കളിക്ക് തുടക്കമിട്ടു കഴിഞ്ഞു ഇരുരാജ്യങ്ങളിലെയും മുന്‍ താരങ്ങള്‍. പാകിസ്ഥാനെ ഇന്ത്യ അനായാസം തോല്‍പ്പിക്കുമെന്ന് പേസ് ഇതിഹാസം ഷൊയ്ബ് അക്തറിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഓഫ് സ്പിന്‍ വിസ്മയം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യ- പാക് ആരാധകരുടെ സംഭാഷണം ഉള്‍പ്പെടുത്തിയുള്ള പ്രശസ്തമായ മോക്ക-മോക്ക പരസ്യം കണ്ടതിനു ശേഷമാണ് ഭാജി അക്തറിനെ വെല്ലുവിളിച്ച വിവരം പുറത്തുവിട്ടത്.
പാകിസ്ഥാന്‍ കളിച്ചിട്ട് എന്തു കാര്യമെന്ന് അക്തറിനോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. ഇന്ത്യക്ക് വാക്കോവര്‍ തരണം. കളിച്ചാല്‍ നിങ്ങള്‍ വീണ്ടും തോല്‍ക്കും. അത് നിങ്ങളെ ഞെട്ടിക്കും. ഇന്ത്യന്‍ ടീം കരുത്തുറ്റതാണ്. നമ്മുടെ പിള്ളേര്‍ പാകിസ്ഥാനെ നിഷ്പ്രയാസം മുട്ടുകുത്തിക്കുമെന്ന് അക്തറിന് മുന്നറിയിപ്പ് നല്‍കിയതായും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഹര്‍ഭജന്‍ പറഞ്ഞു.
ലോക കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് ഇതുവരെ സാധിച്ചിട്ടില്ല. ട്വന്റി20 ലോക കപ്പിലെ അഞ്ച് മുഖാമുഖങ്ങളിലും ജയം ഇന്ത്യക്കൊപ്പം നിന്നു. ഏകദിന ലോക കപ്പിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം.