ട്വന്റി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീം പുറത്തെടുത്തത് കഴിഞ്ഞ 4-5 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണെന്ന് ബിസിസിഐ പ്രസിഡന്റും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. കഴിവിന്റെ 15 ശതമാനം മാത്രമേ ഇന്ത്യ കളത്തില്‍ പ്രയോഗിച്ചുള്ളൂവെന്നും ദാദ കുറ്റപ്പെടുത്തി.
സത്യസന്ധമായി പറഞ്ഞാല്‍ 2017, 2019 വര്‍ഷങ്ങളില്‍ ഇന്ത്യ നല്ല ടീമായിരുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഇന്ത്യ പാകിസ്ഥാനോട് തോറ്റത്. അപ്പോള്‍ ഞാന്‍ കമന്റേറ്ററായിരുന്നു. 2019 ലോക കപ്പില്‍ തുടക്കം മുതല്‍ ഇന്ത്യ ഉശിരന്‍ പ്രകടനം നടത്തി. മുന്നിലെത്തിയവരെയെല്ലാം തോല്‍പ്പിച്ചു. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോടാണ് നമ്മള്‍ കീഴടങ്ങിയത്. രണ്ടു മാസത്തെ പ്രയത്‌നം ഒരു മോശം ദിവസത്തിലൂടെ വിഫലമാക്കപ്പെട്ടു. ടി20 ലോക കപ്പില്‍ ഇന്ത്യ കളിച്ച രീതി നിരാശപ്പെടുത്തി. കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ദയനീയ പ്രകടനമായിരുന്നു അത്- ഗാംഗുലി പറഞ്ഞു.
ട്വന്റി20 ലോക കപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന്റെ കാരണം അറിയില്ല. പക്ഷേ, ടീം പൂര്‍ണ സ്വാതന്ത്ര്യത്തോടെ കളിച്ചില്ലെന്നാണ് തോന്നിയത്. വലിയ ടൂര്‍ണമെന്റുകളില്‍ ചിലപ്പോള്‍ അങ്ങനെ സംഭവിക്കാം. പാകിസ്ഥാനെയും ന്യൂസിലന്‍ഡിനെയും നേരിട്ടപ്പോള്‍ ഇന്ത്യന്‍ ടീം കഴിവിന്റെ 15 ശതമാനം മാത്രമേ പുറത്തെടുത്തുള്ളൂവെന്ന് തോന്നിയതായും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.