ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ്; ഓപ്പണിംഗ് റോളില്‍ നിര്‍ണായക സൂചന പുറത്ത്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലെ ഇന്ത്യന്‍ ഓപ്പണിംഗ് റോളില്‍ നിര്‍ണായക സൂചന പുറത്ത്. മൂന്നാം ടെസ്റ്റിലും നായകന്‍ രോഹിത് ശര്‍മ്മ മധ്യനിരയില്‍തന്നെ കളിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഗാബ ടെസ്റ്റിന് മുമ്പുള്ള അഡ്‌ലെയ്ഡിലെ അവസാന നെറ്റ്‌സ് പരിശീലന സെഷന്റെ വീഡിയോയിലാണ് അടുത്തമല്‍സരത്തിലെ ബാറ്റിംഗ് ഓര്‍ഡര്‍ എങ്ങനെയായിരിക്കുമെന്ന സൂചന നല്‍കുന്നത്.

വീഡിയോയില്‍ അഡ്‌ലെയ്ഡില്‍ ഓപ്പണിംഗില്‍ ഇറങ്ങിയ കെഎല്‍ രാഹുലും യശ്വസി ജയ്‌സ്വാളുമാണ് ആദ്യം പരിശീലനത്തിനിറങ്ങിയത്. പിന്നാലെ ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്‌ലിയും ഇറങ്ങി. ഇതിനുശേഷമാണ് രോഹിത് ശര്‍മയും ഋഷഭ് പന്തും ഇറങ്ങിയത്.

രോഹിത്തിന്റെ അഭാവത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ തിളങ്ങിയിരുന്നു. ഇതോടെ രണ്ടാം ടെസ്റ്റില്‍ ടീമില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മ മധ്യനിരയിലേക്ക് ഇറങ്ങുകയായിരുന്നു.

മത്സരത്തില്‍ ആറാമനായി ഇറങ്ങിയ രോഹിത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 3 ഉം 6 ഉം സ്‌കോര്‍ ചെയ്ത് താരം നിരാശപ്പെടുത്തി. രോഹിത്തിനെ സ്‌കോട്ട് ബോളണ്ടും പാറ്റ് കമ്മിന്‍സും പുറത്താക്കി.