പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവിസ്മരണീയമായ 295 റൺസിൻ്റെ വിജയം പൂർത്തിയാക്കാൻ ഇന്ത്യയെ സഹായിച്ച ജസ്പ്രീത് ബുംറയുടെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ വീരോചിതമായ പ്രകടനത്തെ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ പ്രശംസിച്ചു. രോഹിത് ശർമ്മയുടെ അഭാവത്തിൽ ടീമിനെ നയിച്ച ബുംറ, മുന്നിൽ നിന്ന് നയിക്കുകയും 8/72 എന്ന മാച്ച് കണക്കുകൾ നേടി ഓസ്‌ട്രേലിയയെ തകർക്കുകയും ചെയ്തു.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിൽ നിൽക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് പരമ്പരയിൽ വലിയ ഊർജമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഐപിഎൽ 2025 മെഗാ ലേലത്തോടൊപ്പമായിരുന്നു ആദ്യ ടെസ്റ്റ് നടന്നത്. ഗുജറാത്ത് ടൈറ്റൻസ് (ജിടി) ഹെഡ് കോച്ച് എന്ന നിലയിൽ, ബുംറയെ മുംബൈ ഇന്ത്യൻസ് (എംഐ) നിലനിർത്തിയില്ലെങ്കിൽ റെക്കോർഡ് വിലയ്ക്ക് പോകുമായിരുന്നുവെന്ന് നെഹ്‌റ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.
നെഹ്‌റ സ്റ്റാർ സ്‌പോർട്‌സിനോട് ഇങ്ങനെ പറഞ്ഞു.
“ന്യൂസിലൻഡിനെതിരായ മുൻ പരമ്പരയിൽ എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയാം. എന്നാൽ പെർത്തിൽ ബുംറ എന്ന നായകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമായി. മെഗാ ലേലത്തിൽ ബുംറ എത്തിയിരുന്നെങ്കിൽ, 520 കോടി രൂപയുടെ പേഴ്‌സ് പോലും ഫ്രാഞ്ചൈസികൾക്ക് മതിയാകുമായിരുന്നില്ല.”
“ബുംറ ഇത് നിരവധി തവണ ചെയ്തിട്ടുണ്ട്. രോഹിത് ശർമ്മ ഇല്ലാത്ത കുറവ് അറിയിക്കാതെ അദ്ദേഹം എല്ലാ കാര്യങ്ങളും നന്നായി ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിരതയോടെ മൂന്ന് ഫോര്മാറ്റിലും ബുംറയെ പോലെ മികവ് കാണിക്കുന്ന താരങ്ങൾ കുറവാണ്.