ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിയമിതനായതിനു പിന്നാലെ കൗണ്ടി ക്രിക്കറ്റില്‍ റെക്കോഡ് പ്രകടനം നടത്തി ബെന്‍ സ്റ്റോക്‌സ്. വോര്‍സെസ്റ്റര്‍ഷറിനെതിരായ മത്സരത്തില്‍ ദര്‍ഹമിനായി 88 പന്തില്‍ 161 റണ്‍സാണ് സ്‌റ്റോക്‌സ് അടിച്ചെടുത്തത്. മൈതാനത്ത് സിക്‌സര്‍ മഴ പെയ്യിച്ച താരം 64 പന്തുകളിലാണ് സെഞ്ച്വറി നേടിയത്.
17 സിക്‌സുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പാഞ്ഞത്. ഇതോടെ കൗണ്ടി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിലെ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും അധികം സിക്‌സര്‍ നേടുന്ന താരത്തിനുള്ള റെക്കോര്‍ഡ് സ്‌റ്റോക്‌സിന്റെ പേരിലായി. മത്സരത്തിന്റെ ഒരോവറില്‍ തുടര്‍ച്ചയായി 5 സിക്‌സും ഒരു ഫോറും താരം നേടി.
പതിനെട്ടുകാരന്‍ ജോഷ് ബേക്കര്‍ എറിഞ്ഞ 117ാം ഓവറിലാണ് സ്റ്റോക്‌സ് ആളിക്കത്തിയത്. 6,6,6,6,6,4 എന്നിങ്ങനെയായിരുന്നു ആ ഓവറിലെ സ്റ്റോക്‌സിന്റെ പ്രകടനം. ഈ ഓവറില്‍ 34 റണ്‍സ് അടിച്ചെടുത്ത സ്റ്റോക്‌സ് സെഞ്ച്വറിയുടെ തികച്ചു.
ജോ റൂട്ട് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സ്റ്റോക്‌സിനെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റനായി നിയമിച്ചത്. ജൂണില്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലാകും സ്റ്റോക്‌സ് ആദ്യമായി ഇംഗ്ലണ്ടിനെ നയിക്കുക.