ആറ് പന്തിൽ ആറ് വിക്കറ്റ്; ഡബിൾ ഹാട്രിക് എന്ന അവിശ്വസിനീയ നേട്ടവുമായി ഓസ്ട്രേലിയൻ താരം

ക്രിക്കറ്റിൽ പലതരം റെക്കോർഡുകൾ പലപ്പോഴായി ഉണ്ടാവാറുണ്ട്. ആറ് പന്തിൽ ആറ് സിക്സറുകൾ മുൻപ് പലതവണ ക്രിക്കറ്റിൽ പിറവിയെടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ആറ് പന്തിൽ ആറ് വിക്കറ്റുകളുമായി ഡബിൾ ഹാട്രിക് നേടി  ക്രിക്കറ്റ് ലോകത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ താരം.

ഓസ്ട്രേലിയൻ മൂന്നാം ഡിവിഷൻ ലീഗായ ഗോള്‍ഡ് കോസ്റ്റ് പ്രീമിയര്‍ ലീഗിലെ മത്സരത്തിലാണ് പുതുചരിത്രം പിറവിയെടുത്തത്. മദ്ഗരീഭ ടീമിന്റെ ക്യാപ്റ്റനായ ഗാരത് മോർഗനാണ് അവിശ്വസിനീയമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

സഫേഴ്സ് പാരഡൈസ് എന്ന ടീമിനെതിരെ നടന്ന മത്സരത്തിലാണ് ഗാരത് മോർഗൻ ഈ നേട്ടം കൈവരിച്ചതെന്ന് അന്താരാഷ്ട്ര സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആദ്യം ബാറ്റ് ചെയ്ത മദ്ഗരീഭ ടീമിന് 177 റൺസ് നേടാനെ സാധിച്ചിരുന്നൊളളൂ. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സഫേഴ്സ് പാരഡൈസ് നാല് വിക്കറ്റ് നഷ്ടത്തിൽ 173 എന്ന നിലയിൽ നിൽക്കുമ്പോഴാണ് തോൽവി ഉറപ്പിച്ച് മദ്ഗരീഭ ടീം ക്യാപ്റ്റൻ ഗാരത് മോർഗൻ പന്തെറിയാൻ എത്തുന്നത്.

പിന്നീട് നടന്നത് ചരിത്രം. 65 റൺസ് നേടി ക്രീസിലുണ്ടായിരുന്ന ജേക്ക് ഗാര്‍ലന്‍ഡിനെയാണ് ആദ്യം പുറത്താക്കിയത്. പിന്നീട് വന്ന അഞ്ച് ബാറ്റ്സ്മാൻമാരെയും ഗോൾഡൻ ഡക്കിൽ കുരുക്കിയാണ് ഗാരത് മോർഗൻ ചരിത്രം സൃഷ്ടിച്ചത്. ആദ്യ നാല് വിക്കറ്റുകളും ക്യാച്ചയിലൂടെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.