തന്റെ സ്ലോ ബോള്‍ തന്ത്രത്തിന് മുന്നില്‍ കുടുങ്ങാത്ത ബാറ്റര്‍ ആരാണെന്ന് വെളിപ്പെടുത്തി ഓസീസ് പേസിംഗ് ഇതിഹാസം ബ്രെറ്റ് ലീ. ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയാണ് ആ ബാറ്റര്‍. തന്റെ സ്ലോ ബോളുകളെ എങ്ങനെയാണ് ഇത്ര നന്നായി നേരിട്ടതെന്ന് ഒരിക്കല്‍ സംഗക്കാര തന്നോട് വെളിപ്പെടുത്തിയ കാര്യവും ലീ വെളിപ്പെടുത്തി.
നോണ്‍സ്ട്രൈക്കറെ ഉപയോഗിച്ചാണ് ലീയുടെ തന്ത്രത്തെ സംഗക്കാര പൊളിച്ചത്. ബ്രെറ്റ് ലീയുടെ ബോളിംഗ് നോണ്‍സ്ട്രൈക്കിലിരിക്കുന്ന ബാറ്റ്സ്മാന്‍ ശ്രദ്ധിച്ചിരുന്നു. ലീ പന്ത് കൈയില്‍ പിടിക്കുന്നത് ശ്രദ്ധിക്കുമ്പോള്‍ത്തന്നെ നോണ്‍സ്ട്രൈക്കര്‍ക്ക് സ്ലോ ബോളാണെന്ന് മനസിലാവും.
ബ്രെറ്റ് ലീ സ്ലോ ബോളെറിയുമ്പോള്‍ നോണ്‍സ്ട്രൈക്കര്‍ തലകുനിച്ച് പിടിക്കും. അപ്പോള്‍ സംഗക്കാരക്ക് വരാനിരിക്കുന്നത് സ്ലോ ബോളാണെന്ന് മനസിലാവും. കരിയറില്‍ ഒരു തവണ പോലും സംഗക്കാരയുടെ ഈ തന്ത്രം മനസിലാക്കാന്‍ സാധിച്ചില്ലെന്നതോര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. മികച്ച പദ്ധതിയാണ് സംഗക്കാര നടത്തിയത്- ലീ പറഞ്ഞു.
2011ല്‍ ശ്രീലങ്കയെ ഏകദിന ലോകകപ്പ് ഫൈനലിലേക്കെത്തിച്ച നായകനാണ് സംഗക്കാര. 134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സും 404 ഏകദിനത്തില്‍ നിന്ന് 14234 റണ്‍സും 56 ടി20യില്‍ നിന്ന് 1382 റണ്‍സും സംഗക്കാര നേടിയിട്ടുണ്ട്.