ഷമീല്‍ സലാഹ്
1994ലെ സിംഗര്‍ വേള്‍ഡ് സീരീസ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരം കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്സ് ക്ലബ് മൈതാനത്ത് വെച്ച് നടക്കുകയുണ്ടായി.. ആ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കന്‍ ടീമിന്റെ ആദ്യ 3 വിക്കറ്റുകള്‍ 65 റണ്‍സിനുള്ളില്‍ വീഴുകയും ചെയ്തു.
അവിടന്നങ്ങോട്ട് ഓപ്പണറായിരുന്ന റോഷന്‍ മഹാനാമക്കൊപ്പം, പിന്നീട് ക്രീസില്‍ എത്തിയ ലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും ചേര്‍ന്ന് ശ്രീലങ്കയുടെ സ്‌കോര്‍ 97/3 എന്ന നിലയിലേക്കും ഉയര്‍ത്തിക്കൊണ്ട് വരുന്നു. ഇതിനിടെ ശ്രീലങ്കന്‍ ഇന്നിംഗ്സ് സ്ഥിരത കൈവരിക്കുന്ന സമയത്താണ് മഹാനാമക്ക് പരിക്കേല്‍ക്കുന്നത്.
ആ സമയത്ത് മഹാനാമയ്ക്ക് ഒരു റണ്ണറെ നല്‍കാന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനായിരുന്ന സലിം മാലിക് സമ്മതിക്കുകയും ചെയ്തില്ല. അതേ തുടര്‍ന്ന് റിട്ടയേഡ് ഹര്‍ട്ടായി മഹാനാമയ്ക്ക് കളം വിടേണ്ടിയും വന്നു. ആ നിമിഷം മഹാനാമയ്ക്ക് പകരം കളത്തിലിറങ്ങിയ ഹഷന്‍ തിലകരത്നെ ഉറച്ച പിന്തുണയുമായി 62 പന്തില്‍ നിന്നും നേടിയ 39 റണ്‍സുമായി ക്യാപ്റ്റന്‍ അര്‍ജുനയ്ക്കൊപ്പം 116 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കൊണ്ട് ശ്രീലങ്കന്‍ ടീമിനെ 47.2 ഓവറില്‍ വിജയത്തിലേക്കുമെത്തിച്ചു.
ക്യാപ്റ്റന്റെ ഉത്തരവാദിത്വത്തോടെ ഒരു മികച്ച ഇന്നിംഗ്‌സ് കളിച്ച അര്‍ജുന രണതുംഗ 76 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 82 റണ്‍സുമായി മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചുമായി. ആ ഇന്നിങ്ങ്‌സിനിടെ, അര്‍ജുന രണതുംഗ തന്റെ അര്‍ദ്ധ സെഞ്ച്വറി നേടിയ നിമിഷം ഒരു കൗതുകരമായ കാര്യവും സംഭവിച്ചു.
ഒരു ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകന്‍ ഒരു കുല ബൊഗെയ്ന്‍ വില്ല പൂക്കളുമായി മൈതാനത്തിന്റെ മധ്യത്തില്‍ പ്രവേശിക്കുകയും, അത് അര്‍ജുന രണതുംഗക്ക് സമര്‍പ്പിച്ച് കൊണ്ട് തങ്ങളുടെ വീര നായകന് ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ക്ക് സിംഹളീസ് സ്‌പോര്‍ട്‌സ് മൈതാനം അന്ന് സാക്ഷ്യം വഹിക്കുകയുമുണ്ടായി.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍