പ്രതീക്ഷയുടെ അവസാനകണവും അണഞ്ഞ് ഇരുള്‍ പടര്‍ന്ന ഇടവഴികളെ പ്രകാശപൂരിതമാക്കുവാന്‍ സ്വര്‍ണ്ണ-കരങ്ങളുള്ള ഒരു മനുഷ്യനെ, ദൈവം നീലക്കുപ്പായമിടുവിച്ച് ഭൂമിയിലേക്ക് അയച്ചിട്ടുണ്ടായിരുന്നു!

ഹെന്റിക് ക്ലാസ്സന്‍ നരനായാട്ട് നടത്തിയ അക്‌സര്‍ പട്ടേലിന്റെ ആ ഓവറിനു ശേഷം, ഒരു വ്യാഴവട്ടകാലത്തെ ക്രിക്കറ്റ് ലോകകപ്പ് ഓര്‍മ്മകളില്‍ നിരാശമാത്രമായിരുന്നു ശേഷിപ്പെന്നതിനാല്‍, വിദൂര സ്വപ്നങ്ങളില്‍ പോലും ‘വിജയം’ എന്ന് ചിന്തിക്കുവാനുള്ള കരളുറപ്പ് ബാക്കിയുണ്ടായിരുന്നില്ല. പ്രതീക്ഷയുടെ അവസാനകണവും അണഞ്ഞ് ഇരുള്‍ പടര്‍ന്ന ഇടവഴികളെ, പ്രത്യാശയുടെ ചൂട്ടുകറ്റകള്‍ കത്തിച്ചു പ്രകാശപൂരിതമാക്കുവാന്‍ സ്വര്‍ണ്ണ-കരങ്ങളുള്ള ഒരു മനുഷ്യനെ, ദൈവം നീലക്കുപ്പായമിടുവിച്ച് ഭൂമിയിലേക്ക് അയച്ചിട്ടുണ്ടായിരുന്നു -ജസ്പ്രീത് ബുമ്ര

ഗലീല കടലിലിലെ കൊടുങ്കാറ്റുപോലെ ആര്‍ത്തിരമ്പിയ ക്ലാസനെ, അയാളുടെ തങ്കകരങ്ങള്‍ ശാന്തനാക്കിനിര്‍ത്തിയപ്പോള്‍, അന്തരംഗങ്ങളിലെവിടെയോ പ്രതീക്ഷയുടെ ചെറുമൊട്ടുകള്‍ വിരിഞ്ഞിരുന്നുവോ?? ഓര്‍മ്മയില്ല. എന്നാല്‍, തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഹെന്ററിക് ക്ലാസ്സനെ ഹാര്‍ദിക് പാണ്ട്യ വീഴ്ത്തുമ്പോള്‍, മരിച്ചു മരവിച്ചു പോയെന്നു കരുതിയ ഹൃദയത്തിലെവിടെയോ ജീവന്റെ തുടിപ്പ് ഇപ്പഴും ബാക്കിയുണ്ടെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു.

യാന്‍സനും മില്ലറിനും അണുവിട സ്‌പേസ് നല്‍കാതെ നാല് റണ്‍സ് മാത്രം വഴങ്ങി മികച്ച രീതിയില്‍ ഹാര്‍ദിക് ആ ഓവര്‍ അവസാനിപ്പിക്കുമ്പോഴും, 18 പന്തില്‍ 22 റണ്‍സ് ദൂരമേ ബാക്കിയുണ്ടായിരുന്നൊള്ളു ദക്ഷിണാഫ്രിക്കന്‍ വിജയത്തിന്. കാറ്റു വീശുന്ന ദിശയിലേക്ക് വീശിയടിക്കുന്ന ‘കില്ലര്‍ മില്ലറിന്റെ’ രണ്ട് സിക്‌സറുകള്‍ക്ക് അവസാനിപ്പിക്കാനുള്ളതെ ഇവിടെ മിച്ചമൊള്ളൂ എന്ന് മനസ്സാവര്‍ത്തിച്ചോര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുമ്പോള്‍, ദൈവമയച്ച ആ മനുഷ്യന്റെ സ്വര്‍ണ്ണകരങ്ങള്‍, അയാള്‍ക്ക് മാത്രം സാധ്യമായ മാന്ത്രികതയുടെ മാസ്മരികത കാട്ടുകയാണ്.. ഇന്നില്ലെങ്കില്‍ ഇനിയൊരിക്കലുമില്ല യെന്ന തീര്‍ച്ചയില്‍.

തുടര്‍ച്ചയായി മില്ലറെ ബീറ്റു ചെയ്യിച്ച ശേഷം, മനസ്സിലൊരായിരം മഴവില്ലുകള്‍ ഒരുമിച്ച് വിരിയിച്ച്, യാന്‍സന്റെ ടോപ് ഓഫ് ദി ലെഗ് സ്റ്റമ്പ് ചുംബിച്ച് കടന്നു പോയൊരു ഇന്‍സ്വിങ്ങര്‍! ഇറ്റസ് ഇന്‍സയ്ന്‍ ! കേവലം രണ്ട് റണ്‍സ് മാത്രം വഴങ്ങി കൊണ്ട് അയാള്‍ തന്റെ ഓവര്‍ അവസാനിപ്പിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ റിക്വയേര്‍ഡ് റേറ്റിന്റെ മെര്‍കുറി പത്തിലേക്കുയര്‍ന്നു കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അരുണരക്താണുക്കള്‍ ഇരച്ചു കയറി, മൂവന്തിയിലെ സൂര്യനെപോലെ എന്റെ ഹൃദയം ശോണിതമായിതീര്‍ന്നിരുന്നു.

അയാള്‍ തെളിയിച്ചു വെച്ച് പോയ പ്രത്യാശയുടെ ചൂട്ടുകറ്റകള്‍ക്ക് ശ്വാസമേകിക്കൊണ്ട്, അക്ഷര്‍ദ്വീപ് സ്വിങ് പത്തൊമ്പതാം ഓവര്‍ എറിഞ്ഞു തീര്‍ത്തപ്പോള്‍, ഹാര്‍ദിക് പാണ്ട്യക്ക് പ്രതിരോധിക്കുവാനായി 16 റണ്‍സുകള്‍ മാറ്റിവെയ്ക്കപ്പെട്ടു. കപ്പിനും ചുണ്ടിനുമിടയില്‍ ആറ് വെളുത്ത തുകല്‍ പന്തുകളുടെ അകലം മാത്രം ബാക്കി. അവസാന ഓവറിലെ ആദ്യ പന്തെറിയാന്‍ ഓടിയടുക്കുന്ന ഹാര്‍ദിക്ക്. തന്റെ ‘ആര്‍ക്കിലേക്ക്’ താഴ്ന്നിറങ്ങിയ ഹാര്‍ദിക്കിന്റെ ലോ ഫുള്‍ട്ടോസ്, ഡേവിഡ് മില്ലര്‍, ‘ഔട്ട് ഓഫ് ദി പാര്‍ക്കിലേക്ക്’ ഉയര്‍ത്തി അടിക്കുന്നു.

ജീവിതത്തിനും, മരണത്തിനുമിടയ്ക്കുള്ള നൂല്‍പാലത്തില്‍, ആല്‍ബിസെലസ്റ്റുകള്‍ക്കായി ഫ്രഞ്ചുകാരന്‍ കോലോ മോനിയുടെ കിക്ക് തടുത്തിട്ട എമിയുടെ നീളന്‍ കൈകള്‍പോലെ, ഒരു കൈ രക്ഷയ്ക്കെത്തുന്നു. പറന്നുയര്‍ന്നു പിടിച്ചെടുത്ത്, എടുത്തെറിഞ്ഞ് മുടിനാരിഴ വ്യതാസത്തില്‍ സൂര്യ കുമാര്‍ യാദവ് പിടിച്ചെടുത്തത്, പലകുറി കൈപിടിയിലൊതുങ്ങാതെ വഴുതി വീണുപോയ ആ ലോകകപ്പായിരുന്നു. മീര്‍പൂരിനും, ഈഡനും, മാഞ്ചസ്റ്ററിനും, അഡ്‌ലെയ്ഡിനും, ലോര്‍ഡ്‌സിനും പിന്നെ മോട്ടേറയ്ക്കും ഒടുവിലിതാ ബാര്‍ബഡോ സില്‍ ശാപമോക്ഷം ലഭിച്ചിരിക്കുന്നു!

കണ്ണീരുവീണാര്‍ദ്രമായ ഹാര്‍ദിക്കിന്റെ കവിളില്‍ രോഹിത്തിന്റെ മണിമുത്തം! വിശ്വവിജയികളുടെ കിരീടമേന്തി ത്രിവര്‍ണ്ണത്താല്‍ പരിരംഭണം ചെയ്ത് തോളോട് തോള്‍ ചേര്‍ന്ന് പുഞ്ചിരിച്ചു നില്‍ക്കുന്ന സതീര്‍ത്ഥ്യന്‍മാര്‍ രോഹിത്തും കോഹ്ലിയും…. അവരുടെ നിറപുഞ്ചിരിക്കൊ അതോ കയ്യിലെ ട്രോഫിക്കോ കൂടുതല്‍ ശോഭ???

പ്രീയതമയെ വാരിപുണരുന്ന ബുമ്ര.. സൂഫിയുടെ ശാന്തത വെടിഞ്ഞുകൊണ്ട് ട്രോഫി കയ്യിലേന്തി ആര്‍ത്തുവിളിക്കുന്ന രാഹുല്‍ ദ്രാവിഡ്.. കണ്ണു നനയാത്തവരായി ആരും തന്നെ ബാക്കിയുണ്ടായിരുന്നില്ല… ശാപമോക്ഷത്തിന്റെ ആനന്ദകണ്ണീര്‍….വൈശാലിയില്‍ പുതുമഴപെയ്തിരിക്കുന്നു..

ബാര്‍ബഡോസിലെ കെന്നിങ്സ്റ്റണ്‍ ഓവല്‍ സ്റ്റേഡിയത്തിന് വെളിയിലെ സെന്റ് ബാര്‍ത്തലോമിയന്‍ പള്ളിയുടെ ഗ്രേവ് യാര്‍ഡില്‍, മാല്‍ക്കം മാര്‍ഷലിന്റെ ശവകുടീരമുണ്ട്. ഇരുപത്തിരണ്ടു വാരയെ ബാറ്റര്‍മാരുടെ പേടിസ്വപ്നമാക്കി മാറ്റിയ ആ കരീബിയന്‍ പേസറുടെ സ്മരണാര്‍ത്ഥം ആ ശവകുടിരത്തിന് മുകളിലായി വെച്ചിരിക്കുന്ന ചുവന്ന തുകല്‍ പന്തിന്റെ നിറം എന്നെ മങ്ങിതുടങ്ങിയിരുന്നു.

വില്ലോമരത്തടി തുകല്‍ പന്തിനെ ഭയത്തോടെ നോക്കുന്ന നിമിഷങ്ങള്‍, ഇരുപത്തിരണ്ടു വാരയില്‍ വീണ്ടും പുനരാവിഷ്‌ക്കരിച്ചുകൊണ്ട്, ജസ്പ്രീത് ബുമ്ര എന്ന പേസര്‍, കിങ്ങിനും ഹിറ്റ്മാനും പിന്നെ അവരെ നെഞ്ചിലേറ്റിയ ജനതയ്ക്കുമായി വിശ്വകിരീടം നേടികൊടുക്കുമ്പോള്‍, എന്നോ നിറം മങ്ങിപോയ ആ തുകല്‍ പന്ത് വീണ്ടും ചുവന്ന് തുടുത്തിരിക്കും.. ആ അസ്ഥിമാടം ഒരിക്കല്‍ കൂടി ആര്‍ദ്രമായി സ്പന്ധിച്ചിരിക്കും.. തീര്‍ച്ച!

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം