ഏകദിന ക്രിക്കറ്റില്‍ ഷോയിബ് അക്തറിന്റെ ചില നേട്ടങ്ങള്‍…. ഗാംഗൂലിയെ 6 തവണ പുറത്താക്കാന്‍ കഴിഞ്ഞു. സച്ചിനെയും, പോണ്ടിങ്ങിനേയും, ദ്രാവിഡിനെയും, ഗില്‍ക്രിസ്റ്റിനെയും 5 തവണ വീതവും പുറത്താക്കാന്‍ കഴിഞ്ഞു. കാലിസിനെയും, ജയവര്‍ധനെയെയും, ഗ്രെയിം സ്മിത്തിനെയുമൊക്കെ 4 തവണ വീതവും പുറത്താക്കാന്‍ കഴിഞ്ഞു.
എതിര്‍ ടീമിലെ മികച്ച ബാറ്റര്‍മാരെ പുറത്താക്കാനായി അവരെ എവിടെ എങ്ങിനെ ലക്ഷ്യമിടണമെന്ന് അറിഞ്ഞിരുന്ന ഒരാളായിരുന്നു അക്തര്‍. ചില ഘട്ടങ്ങളില്‍ തല്ല് വാങ്ങിയാലും പലപ്പോഴും തന്റെ ലക്ഷ്യം നേടാന്‍ അക്തറിനു കഴിഞ്ഞിട്ടുണ്ട്. ഇനി അഥവ തല്ല് വാങ്ങുന്ന സന്ദര്‍ഭങ്ങളില്‍ പോലും അടുത്ത പന്ത് ഒരു വിക്കറ്റിലേക്കുള്ള സാധ്യത എല്ലായ്‌പ്പോഴും നിലനിര്‍ത്തിയിരുന്ന ഒരു ബൗളര്‍ കൂടിയായിരുന്നു അക്തര്‍ ….
നീണ്ട റണ്ണപ്പിന് ശേഷം ബാറ്റ്‌സ്മാന് നേരെ വരുന്ന വേഗതയേറിയ പന്തുകള്‍ തന്നെയായിരുന്നു അയാളുടെ പ്രധാന ആയുധമെന്ന് പറയുമ്പോഴും, ആ വരുന്ന പന്തുകളില്‍ നിന്നുള്ള സ്വിംങ് & സീം പിന്നെ ബാറ്റ്‌സ്മാന്റെ പ്രതിരോധം തകര്‍ത്ത് കൊണ്ട് സ്റ്റമ്പുകള്‍ പിഴുത മാരകമായ യോര്‍ക്കറുകളിലുമൊക്കെ അക്തര്‍ അതി ശക്തനുമായിരുന്നു ….
അക്തറിന്റെ ഏറ്റവും പീക്ക് ലെവല്‍ 1999 to 2002 വരെയാകും. ഇതില്‍ തന്നെ കത്തി നില്‍ക്കുന്ന വേളയില്‍ 2000 മുതല്‍ 2001നും ഇടയില്‍ ഏതാണ്ട് തുടര്‍ച്ചയായി 10 മാസക്കാലം കാലിലെ പരിക്കിനെ തുടര്‍ന്നുണ്ടായ സര്‍ജറി മൂലം ടീമിന് വെളിയിലിരുന്നെങ്കിലും ശരിക്കും അക്തര്‍ അക്താറായിരുന്നത് 2002ല്‍ മറ്റൊരു പരിക്ക് മൂലം പുറത്തിരിക്കേണ്ടി വരുന്നത് വരേക്കുമുള്ള ഈ കാലഘട്ടത്തിനിടയിലാണ്.
ബാറ്റ്‌സ്മന്മാര്‍ക്കിടയിലും, അത് കാണുന്നവര്‍ക്കിടയിലും ഏറ്റവും കൂടുതല്‍ ഭയപ്പാട് ഉണ്ടാക്കിയ ഇക്കാലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റുകളുടെ ഒരു ചെയിന്‍ തന്നെ അക്തറുടെ പേരിലായിരിക്കും. അത്തരത്തില്‍ 99ലെ WC സെമിയില്‍ ന്യൂസിലാന്റിനെതിരെ മൂന്ന് ബൗള്‍ഡുകളുമായി പാക്കിസ്ഥാന്റെ വിജയശില്പിയാപ്പോള്‍, 2002ല്‍ പാക്ക് പര്യടനത്തിനെത്തിയ ഇതേ ന്യൂസിലാന്റിനെതിരെ ലാഹോറിലെ ചത്ത പിച്ചില്‍ നടന്ന ടെസ്റ്റില്‍ പോലും 8 ഓവറുകള്‍ എറിഞ്ഞ് 6 വിക്കറ്റ് നേടുമ്പോള്‍ അതില്‍ 5ഉം അത്തരം മാരകമായ യോര്‍ക്കറുകളില്‍ നിന്നും സ്റ്റമ്പുകള്‍ പിഴുത് നേടിയ വിക്കറ്റുകളായിരുന്നു എന്ന് പറയുമ്പോള്‍ അതില്‍ നിന്നും അക്തറുടെ റേഞ്ച് മനസ്സിലാക്കാവുന്നതാണ് ….
2002ല്‍ ആയിരുന്നു അക്തര്‍ ഏകദിനത്തില്‍ 100-ാം വിക്കറ്റ് തികക്കുന്നത്. ആ സമയം അക്തറിന്റെ ബൗളിങ്ങ് ശരാശരി വെറും 19.6 ആയിരുന്നു. സ്‌ട്രൈക്ക് റേറ്റ് 26.2ഉം എക്കണോമി റേറ്റ് 4.5ഉം ആയിരുന്നു …..
അയാളുടെ കാലഘട്ടത്തില്‍ അയാളേക്കാള്‍ മികച്ച ബൗളര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ഷോയിബ് അക്തര്‍ അത് ഒന്നു മാത്രമായിരുന്നു.
ബാറ്റ്‌സ്മാന് നേരെ പാഞ്ഞടുത്ത് ഉന്നംവെച്ചറിഞ്ഞ പന്തുകളും അത്തരത്തില്‍ റിട്ടയേഡ് ഹര്‍ട്ട് ആക്കി ബാറ്റ്‌സ്മാനെ കയറ്റിവിട്ട സന്ദര്‍ഭങ്ങളും നിരവധി. ആ ഫിറ്റ് ബോഡിയും അതിനൊത്ത ബോഡി ലാംഗുവേജും ആറ്റിറ്റിയൂഡ് രീതിയുമൊക്കെ വെച്ച് നോക്കുമ്പോള്‍ കഴിഞ്ഞ 30-40 കൊല്ലത്തിനിടയില്‍ അയാളുടെ പന്തുകളില്‍ ബാറ്റ്‌സ്മാന്മാര്‍ അടിച്ചതിനോളം മറ്റൊരു ബൗളറുടേതും അത്രയേറെ ആഘോഷിക്കപ്പെട്ടിട്ടുണ്ടാവില്ല എന്നതാണ് കാര്യം. ഒരു തരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ഫീല്‍ഡില്‍ കണ്ട ഒരു മികച്ച എന്റര്‍ടൈനര്‍ ആയിരുന്നു ഷോയിബ് അക്തര്‍ ….
Read more
എഴുത്ത്: ഷമീല്‍ സലാഹ്