മലയാളക്കരയ്ക്ക് അഭിമാന നിമിഷം, ഇന്ത്യന്‍ ടീമിനെ മിന്നു മണി നയിക്കും

ഇംഗ്ലണ്ട് എ വനിതാ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ മൂന്ന് മത്സരങ്ങളാണ് ഇരു ടീമുകളും തമ്മില്‍ കളിക്കുക. ഈ മാസം 29നാണ് ആദ്യ മത്സരം.

ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളിലാണ് മറ്റു മത്സരങ്ങള്‍. ഇന്ത്യയുടെ സീനിയര്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മൂന്ന് താരങ്ങളെ മാത്രമാണ് എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഈ വര്‍ഷം ജൂലൈയില്‍ ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലായിരുന്നു വയനാട്ടുകാരിയായ മിന്നുവിന്റെ അരങ്ങേറ്റം. ആ പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളില്‍നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തി മിന്നു വിക്കറ്റ് വേട്ടയില്‍ രണ്ടാമതെത്തിരുന്നു.

ഇന്ത്യ എ ടീം: മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീല്‍, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്‌നാനന്ദ ദിവ്യ, അരുഷി ഗോയല്‍, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്വീ ഗൗതം, ജിന്‍ഡിമമി കലിത, പ്രകാശിത് നായ്ക്.