ഒരൊറ്റ മത്സരം, സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; ഇന്ത്യ നടന്നുകയറിയത് ചരിത്രത്തിലേക്ക്

ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 1-0 ത്തിന് മുന്നിൽ നിൽക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി വന്നവരും പോയവരും എല്ലാം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. ടീമിന്റെ ടോപ് സ്‌കോറർ ഹാർദിക് പാണ്ഡ്യ16 പന്തുകളിൽ 5 ഫോറും 2 സിക്സറുകളുമടക്കം 39 റൺസ് നേടി തിളങ്ങിയപ്പോൾ 19 പന്തിൽ 6 ബൗണ്ടറികളുടെ സഹായത്തോടെ 29 റൺ നേടിയ സഞ്ജുവും മോശമാക്കിയില്ല.

സഞ്ജുവിനെ സംബന്ധിച്ച് കിട്ടിയ അവസരം അദ്ദേഹം നന്നായി തന്നെ ഉപയോഗിച്ചു എന്ന് പറയാം. മനോഹരമായ ഷോട്ടുകൾ കളിച്ചുകൊണ്ട് ആരാധകരുടെ മനം നിറക്കുന്ന ഇന്നിംഗ്സ് തന്നെ കളിക്കാൻ മലയാളി താരത്തിന് സാധിച്ചു എന്ന് പറയാം. ഈ മികവ് തുടർന്നാൽ രോഹിത് ഒഴിച്ചിട്ട ഓപ്പണിങ് സിംഹാസനത്തിൽ സഞ്ജു ഉണ്ടാകും എന്നും ഉറപ്പിക്കാം. ബംഗ്ലാദേശ് ഉയർത്തിയ താരതമ്യേന ചെറിയ സ്കോർ പിന്തുടരുമ്പോൾ തന്നെ ഇന്ത്യ ജയം ഉറപ്പിച്ചത് ആയിരുന്നു. ഓപ്പണിങ് ജോഡിയായി സഞ്ജുവിന് ഒപ്പം ഇറങ്ങിയ അഭിഷേക് ശർമ്മ തുടക്കം മുതൽ ആക്രമണ മോഡിൽ ആയിരുന്നു.

അഭിഷേക് സഞ്ജുവുമൊത്തുള്ള ആശങ്ക കുഴപ്പത്തിന് ഒടുവിൽ റണ്ണൗട്ട് ആയതിന് ശേഷം സൂര്യകുമാർ ആയിരുന്നു ആക്രമണ മോഡിൽ കളിച്ചത്. താരം 14 പന്തിൽ 29 റൺ നേടി മടങ്ങിയപ്പോൾ സഞ്ജുവും 29 റൺ നേടി പുറത്തായി. പിന്നെ 15 പന്തിൽ 16 റൺ എടുത്ത നിതീഷ് കുമാർ റെഡിക്ക് ഒപ്പം ഹാർദിക് മത്സരം പൂർത്തിയാക്കുക ആയിരുന്നു.

100 റൺസിന് മുകളിൽ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയുടെ ടി20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ റൺ വേട്ടയാണ് ഈ മത്സരം. ടി20 ലോകകപ്പ് ചാമ്പ്യൻമാർ 8.1 ഓവർ (49 പന്തുകൾ) ശേഷിക്കെ ടോട്ടൽ പിന്തുടർന്നു, എട്ട് ഓവറിൽ കൂടുതൽ ശേഷിക്കെ ട്രിപ്പിൾ അക്ക ടോട്ടൽ ഇത് ആദ്യമായിട്ടാണ് ഇന്ത്യ മറികടക്കുന്നത്.

ഒരു ഇന്നിംഗ്‌സിൽ ഒരു എതിരാളിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ ലോക റെക്കോർഡും ഈ മത്സരത്തിൽ ഇന്ത്യ സ്ഥാപിച്ചു. മെൻ ഇൻ ബ്ലൂ ടി20യിൽ 42 തവണ എതിരാളിയെ   ഓൾഔട്ട് ചെയ്തു, ഇപ്പോൾ ചിരവൈരികളായ പാകിസ്ഥാനുമായി റെക്കോർഡ് പങ്കിടുന്നു.