ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട്, കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം! കണ്ടം ക്രിക്കറ്റില്‍ ഇതൊക്കെ സര്‍വ്വ സാധാരണമാണെങ്കിലും, അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൗതുകമുണര്‍ത്തിക്കൊണ്ട് അങ്ങനെയൊന്ന് കണ്ടത് 1999ലെ ഇംഗ്ലണ്ട് വേള്‍ഡ് കപ്പിലായിരുന്നു.
വല്ല സിക്‌സര്‍ എങ്ങാനും ആ വഴി പോകുമ്പോള്‍ മരച്ചില്ലയില്‍ തട്ടി തട്ടി താഴെ വീണ് ഫീല്‍ഡറുടെ കയ്യില്‍ ഒതുങ്ങി അമ്പയര്‍ ഔട്ട് വിളിക്കുന്നതും കാത്തിരുന്ന് കണ്ട ഒരു കളി.. ആ വേള്‍ഡ് കപ്പിലെ ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങള്‍ ഇംഗ്ലണ്ടിന് പുറമെ, UKയിലെ അയര്‍ലന്റ്, സ്‌കോട്ട്‌ലാന്റ്, വെയില്‍സ് എന്നിവര്‍ക്കൊപ്പം,, ഒരു മത്സരം ഹോളണ്ടിലെ ആംസ്റ്റര്‍വീന്‍ പട്ടണത്തിലെ VRA ക്രിക്കറ്റ് ഗ്രൗണ്ടിനും അനുവദിച്ചിരുന്നു. ഈ മൈതാനത്തായിരുന്നു ഈ മരം ഉണ്ടായിരുന്നത്.
മനോഹരമായ ഈ മൈതാനത്ത് സൗത്താഫ്രിക്കയും കെനിയയും തമ്മിലുള്ള മത്സരമായിരുന്നു നടന്നത്. ഈ പോസ്റ്റിലുള്ള ചിത്രത്തില്‍ ചുവടെ ആ മത്സരത്തില്‍ നിന്നുളള ചിത്രമാണ്. മരത്തിനടുത്ത് ഫീല്‍ഡ് ചെയ്യുന്നത് സൗത്താഫ്രിക്കയുടെ സൂപ്പര്‍ താരം ലാന്‍സ് ക്ലൂസ്‌നറും..
ഈ മത്സരത്തിന് പുറമെ 2004ല്‍ ഓസ്‌ട്രേലിയ ചാമ്പ്യന്മാരായ, ഇന്ത്യ-പാക്കിസ്ഥാന്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ട വീഡിയോകോണ്‍ ട്രൈ നാഷണല്‍ സീരീസും ഈ മൈതാനത്ത് വെച്ച് നടക്കുകയുണ്ടായി.. പിന്നീട് ഇവിടെ ഉയര്‍ന്ന ടീമുകളുടെ അന്താരാഷ്ട്ര മത്സരങ്ങളൊന്നും നടന്നിട്ടില്ലെന്ന് തോന്നുന്നു..
എഴുത്ത്: ഷമീല്‍ സലാഹ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍