IPL 2025: അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഞാന്‍ ആരാ ഏട്ടാ, രാഹുല്‍ ഓപ്പണിങ്ങില്‍ ഇറങ്ങില്ല, ആ താരം തിരിച്ചുവരും, അപ്പോള്‍ പിന്നെ എവിടെ കളിപ്പിക്കുമെന്ന്‌ മുന്‍ ഇന്ത്യന്‍ താരം

ഐപിഎലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- ഡല്‍ഹി ക്യാപിറ്റല്‍സ്‌ മത്സരമാണ്. നാലില്‍ മൂന്ന് മത്സരങ്ങളും ജയിച്ചുകൊണ്ടാണ് ആര്‍സിബി ടീം ഡല്‍ഹിക്കെതിരെ ഇറങ്ങുന്നത്. അതേസമയം ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെ അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ഇറങ്ങുന്നു. ഫാഫ് ഡുപ്ലസിസിന് പരിക്കേറ്റതിനെ തുടര്‍ന്ന്‌ കഴിഞ്ഞ മത്സരത്തില്‍ കെഎല്‍ രാഹുലായിരുന്നു ജേക്ക് ഫ്രേസര്‍ മക്ഗ്രക്കിനൊപ്പം ഡല്‍ഹിക്കായി ഓപ്പണിങ്ങില്‍ ഇറങ്ങിയത്. തന്നെ ഏല്‍പ്പിച്ച ചുമതല നന്നായി തന്നെ രാഹുല്‍ നിര്‍വഹിക്കുകയും ചെയ്തു. 51 പന്തില്‍ 77 റണ്‍സെടുത്ത് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് രാഹുല്‍ വഹിച്ചത്.

അതിന് മുന്‍പുളള മത്സരത്തില്‍ മധ്യനിരയിലായിരുന്നു കെഎല്‍ ഇറങ്ങിയത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലും ഐപിഎലിലും ടീമുകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ബാറ്റിങ് പൊസിഷനുകളില്‍ മാറിമാറി ഇറങ്ങാറുണ്ട് താരം. അതേസമയം ഡല്‍ഹിക്കായി ഓപ്പണിങ്ങില്‍ ഫാഫ് ഡുപ്ലസിസ് തിരിച്ചെത്തുന്നതോടെ രാഹുല്‍ ഏത് പൊസിഷനില്‍ ഇറങ്ങുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യത്തില്‍ ചോപ്ര സംശയം പ്രകടിപ്പിച്ചത്.

“നിങ്ങള്‍ എന്താണ് ഡല്‍ഹി ടീമില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അവരോട് ചില ചോദ്യങ്ങളുണ്ട്. മൂന്നില്‍ മൂന്ന് തവണ ഡല്‍ഹി കാപിറ്റല്‍സ് വിജയിച്ചു. തോല്‍വിയറിയാത്ത ഒരേ ഒരു ടീമാണ് അവര്‍. പക്ഷേ ആര് ഓപ്പണര്‍ ആകും.അതൊരു വലിയ ചോദ്യമാണ്. ഫാഫ് ഡുപ്ലസിസ് ഇന്ന് ഇറങ്ങാനുളള സാധ്യതയുണ്ട്. ജേക്ക് ഫ്രേസറിനൊപ്പം ഡുപ്ലസിസ് ഓപ്പണിങ്ങില്‍ ഇറങ്ങിയാല്‍ കെഎല്‍ രാഹുല്‍ എവിടെ ഇറങ്ങും, നിങ്ങള്‍ കഴിഞ്ഞ കളിയില്‍ രാഹുലിനെ ഓപ്പണറായി ഇറക്കി. അദ്ദേഹം 77 റണ്‍സ് നേടി. പ്ലെയര്‍ ഓഫ് ദ മാച്ചായുളള പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും അതിന് ശേഷം എന്ത് ചെയ്യും, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.