GT VS DC: ഡല്‍ഹിയെ അവന്‍ ഇന്ന് കണ്ടംവഴി ഓടിക്കും, ഫോമായാല്‍ പിന്നെ ആ താരത്തെ പിടിച്ചാല്‍ കിട്ടില്ല, തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ഐപിഎലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നേരിടുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് ടേബിളില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്‌. ആറ് കളികളില്‍ അഞ്ചും ജയിച്ച ഡല്‍ഹി ടീമിന് പത്ത് പോയിന്റാണുളളത്. ഗുജറാത്താവട്ടെ ആറ് കളികളില്‍ നാല് ജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ എട്ട് പോയിന്റോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്നത്തെ മത്സരത്തിലും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാണ് ഗുജറാത്തിന്റെ ശക്തിയെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

സീസണില്‍ ഉടനീളം ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്തുന്ന സായി സുദര്‍ശന്‍ തന്നെയാകും ഇന്നത്തെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രമെന്നും ചോപ്ര പറയുന്നു. ‘ഒരിടവേളയ്ക്ക് ശേഷം ഗുജറാത്ത് ഇന്ന് കളിക്കുന്നത് കാണാം. അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് ഒരിടവേള എടുത്തിരിക്കുകയാണെന്ന് ഞാന്‍ കരുതി. ഇത്രയും ദിവസങ്ങള്‍ കടന്നുപോയി. പക്ഷേ അവര്‍ കളിച്ചിരുന്നില്ല. ഗുജറാത്ത് ടീം മികച്ചതാണ്. അവരുടെ എറ്റവും വലിയ കരുത്ത് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ മൂന്ന് പേരും നന്നായി കളിക്കുന്നു എന്നതാണ്. സായി സുദര്‍ശന്‍ അവിശ്വസനീയ ഫോമിലാണ്. അദ്ദേഹം വളരെ നന്നായി ബാറ്റ് ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അവനില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കും, ചോപ്ര വ്യക്തമാക്കി.

ആറ് മത്സരത്തില്‍ നാല് അര്‍ധസെഞ്ചുറി സഹിതം 329 റണ്‍സ് നേടിയ സായി സുദര്‍ശന്‍ ടൂര്‍ണമെന്റ് റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. കൂടാതെ അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നല്ല റെക്കോര്‍ഡുള്ള ശുഭ്മാന്‍ ഗില്ലും ചേരുന്നതോടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണിങ് അതിശക്തമാകുന്നു. ജോസ് ബട്‌ലര്‍, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് തുടങ്ങിയവരും ഗുജറാത്തിനായി മുന്‍ മത്സരങ്ങളില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവച്ചത്. ബോളിങ്ങില്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, സായി കിഷോര്‍ ഉള്‍പ്പെടെയുളള ബോളര്‍മാര്‍ മിന്നുംഫോമിലാണ്. തന്ത്രങ്ങള്‍ മെനഞ്ഞുളള മുന്നേറ്റം നയിക്കുന്നത് കോച്ച് ആശിഷ് നെഹ്‌റയാണ്.

Read more