MI UPDATES: 26 റണ്‍സുമെടുത്ത് രോഹിതേട്ടന്റെ ഒരു പോക്കുണ്ട്, അതത്ര നല്ല രീതിയല്ല, പണി കിട്ടേണ്ടെങ്കില്‍ ഇനിയെങ്കിലും നോക്കി കളിച്ചോ, തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

മുംബൈ ഇന്ത്യന്‍സിനായുളള രോഹിത് ശര്‍മ്മയുടെ ഈ സീസണിലെ പ്രകടനത്തില്‍ ആരാധകരും ടീം മാനേജ്‌മെന്റുമെല്ലാം തന്നെ അത്ര തൃപ്തരല്ല. മുംബൈയ്ക്കായി ഇതുവരെ ഒറ്റ ഇംപാക്ടുളള ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാന്‍ രോഹിതിന് സാധിച്ചിട്ടില്ല. ഈ വര്‍ഷത്തെ ആദ്യ മത്സരങ്ങളില്‍ എല്ലാം തന്നെ കുറഞ്ഞ സ്‌കോറുകളിലാണ് ഹിറ്റ്മാന്‍ പുറത്തായത്. കഴിഞ്ഞ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ 26 റണ്‍സാണ് ഈ സീസണിലെ താരത്തിന്റെ ടോപ് സ്‌കോര്‍. ആറ് മത്സരങ്ങളില്‍ നിന്നായി 13.65 ശരാശരിയില്‍ 87 റണ്‍സാണ് രോഹിത് ഈ വര്‍ഷം നേടിയത്. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ ഇന്നത്തെ മത്സരത്തിന് മുന്‍പായി രോഹിത് ശര്‍മ്മയുടെ ഈ സീസണിലെ പ്രകടനം വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ആറ് മത്സരങ്ങളില്‍ 26 റണ്‍സാണ് രോഹിത് ശര്‍മയുടെ ഇതുവരെയുളള ടോപ് സ്‌കോര്‍ എന്നത് ഒരിക്കലും നല്ല കാര്യമല്ല എന്നാണ് ചോപ്ര പറയുന്നത്. “അഞ്ച് ട്രോഫികള്‍ നേടിയ (ധോണി) ഒരു ക്യാപ്റ്റന്‍ ഇപ്പോഴും ഒരു ടീമിന്റെ ക്യാപ്റ്റനാണ്. എന്നാല്‍ അഞ്ച് ട്രോഫികള്‍ നേടിയ ഒരാള്‍ ഇപ്പോള്‍ ക്യാപ്റ്റനല്ല, ഇംപാക്ട് പ്ലെയറായി കളിക്കുന്നു. ഇതുവരെ റണ്‍സ് നേടിയിട്ടില്ല. അദ്ദേഹത്തിന്റെ പഴയ ഫോമിലേക്ക് തിരിച്ചുവരാന്‍ ഇനിയും റണ്‍സ് കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”, ആകാശ് ചോപ്ര പറയുന്നു.

“കഴിഞ്ഞ മത്സരത്തില്‍ രണ്ടോ മൂന്നോ സിക്‌സുകള്‍ അടിച്ചത് കൊണ്ട് അദ്ദേഹം കുറച്ച് പ്രതീക്ഷകള്‍ ഉയര്‍ത്തി. എന്നിരുന്നാലും ആറ് മത്സരങ്ങളില്‍ 26 റണ്‍സാണ് നിങ്ങളുടെ ടോപ്‌ സ്‌കോര്‍, അത് അത്ര നല്ല കാര്യമല്ല. ഓപ്പണിങ് കോമ്പിനേഷന്‍ എപ്പോഴും മികച്ചതായിരിക്കണം. ഓപ്പണിങ് ഒട്ടും ശരിയാവുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ആ പൊസിഷനില്‍ കളിക്കാനുളള യോഗ്യതയില്ല. ശരിക്കും പറഞ്ഞാല്‍, അത് ഇതുവരെ സംഭവിച്ചിട്ടില്ല”, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Read more

“തീര്‍ച്ചയായും റിയാന്‍ റിക്കല്‍ട്ടണ്‍ തുടര്‍ച്ചയായി റണ്‍സ് നേടിയിട്ടുണ്ട്. രോഹിത് അത്രയും നേടിയിട്ടില്ല. ചില സമയങ്ങളില്‍ മൂന്നാമതും ചില സമയം ഏഴാമതും ബാറ്റ് ചെയ്തിട്ടുളള ആളാണ് വില്‍ ജാക്‌സ്. കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം കുറച്ച് റണ്‍സ് നേടി. എന്നാലും ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ കളിക്കുന്നവര്‍ അത്ര തിളക്കമുളളവരല്ല. മുംബൈ ടീം പരിഹരിക്കേണ്ട ഒരു പ്രശ്‌നമാണ് ഇത്, ആകാശ് ചോപ്ര വ്യക്തമാക്കി.