KKR VS GT: വെടിക്കെട്ട് ബാറ്റര്‍മാരായിട്ട് കാര്യമില്ല, വല്ലപ്പോഴെങ്കിലും കളിക്കണം, കൊല്‍ക്കത്തയുടെ സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

ഐപിഎലില്‍ ഇന്ന് തങ്ങളുടെ ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് കൊല്‍ക്കത്ത ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. പോയിന്റ് പട്ടികയില്‍ താഴെയുളള കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. അതേസമയം കൊല്‍ക്കത്തയ്ക്കായി ഈ സീസണില്‍ ഇംപാക്ടുളള ഒറ്റ ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാത്ത താരങ്ങളെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് മുന്‍ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കൊല്‍ക്കത്തയുടെ മധ്യനിര കാക്കുന്ന റസല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ് എന്നിവരെകുറിച്ചാണ് ചോപ്ര മനസുതുറന്നത്.

ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും യുവ ബാറ്റര്‍ അങ്കരീഷ് രഘുവംശിയും സ്ഥിരതയോടെയാണ് ടീമിനായി കളിക്കുന്നത്. എന്നാല്‍ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ആര്‍ക്കും ഇതുവരെ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. 95 റണ്‍സിനാണ് കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തില്‍ ഓള്‍ഔട്ടായത്. മുംബൈയില്‍ പോലും നിങ്ങള്‍ 115 റണ്‍സിന് ഓള്‍ഔട്ടായി. ബാറ്റിങ്ങില്‍ ആഴമുണ്ട്.

പക്ഷേ വളരെ കുറച്ച് പേര്‍ മാത്രമേ ടീമില്‍ കാര്യമായി കളിക്കുന്നുളളൂ. രഹാനെയും രഘുവംശിയും നന്നായി കളിക്കുന്നു. എല്ലാവരും ബുദ്ധിമാന്മാരാണ്. വെങ്കിടേഷ് അയ്യര്‍ ഒരു മികച്ച ഇന്നിങ്‌സ് കളിച്ചു. ഡികോക്ക്, നരെയ്ന്‍ തുടങ്ങിയവരും മികച്ച ഇന്നിങ്‌സ് കളിച്ചു. എന്നാല്‍ റിങ്കു, റസല്‍, രമണ്‍ദീപ് എന്നിവര്‍ ഇതുവരെ ഒരു മികച്ച ഇന്നിങ്‌സ് പോലും കാഴ്ചവച്ചില്ല. അതാണ് നിങ്ങളുടെ പ്രശ്‌നം, ആകാശ് ചോപ്ര കൊല്‍ക്കത്തയെ കുറ്റപ്പെടുത്തി.

Read more