CSK VS SRH: എന്ത് ചെയ്തിട്ടും ഒരു മെനയാകുന്നില്ല, ആ ഒരു പ്രശ്‌നം ചെന്നൈ ടീമിനെ ആവര്‍ത്തിച്ച് അലട്ടുന്നു, തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ഐപിഎലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരമാണ്. ഹോംഗ്രൗണ്ടില്‍ നടക്കുന്ന കളിയില്‍ ചെന്നൈക്കാണ് ആധിപത്യമെങ്കിലും ഈ മത്സരത്തിലൂടെ വിജയവഴിയില്‍ തിരിച്ചെത്താനുളള അവസരമാണ് ഹൈദരാബാദിന്‌. എട്ട് കളികളില്‍ രണ്ട് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റുകളുമായി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായി തുടരുകയാണ് ഇരുടീമുകളും. അതേസമയം ചെന്നൈ ടീമിന്റെ ഇപ്പോഴത്തെ പെര്‍ഫോമന്‍സിനെ കുറിച്ച് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ചെന്നൈ ടീമിന്റെ ബാറ്റിങ് ഇപ്പോഴും മികച്ചതല്ലെന്ന് ആകാശ് ചോപ്ര പറയുന്നു. “സിഎസ്‌കെയുടെ ബാറ്റിങ് ഇപ്പോഴും മികച്ചതല്ല. രവീന്ദ്ര ജഡേജയ്ക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി. കഴിഞ്ഞ തവണയും അദ്ദേഹം അര്‍ധശതകം നേടി. പക്ഷേ വളരെക്കാലം അദ്ദേഹം ഒരു പന്തില്‍ ഒരു റണ്‍സ് എന്ന നിലയില്‍ കളിച്ചു. അത് ശരിയല്ലായിരുന്നു. കാരണം ഒടുവില്‍ നിങ്ങള്‍ വളരെ പിന്നിലായിരുന്നു. 190 മുതല്‍ 200 റണ്‍സ് വരെ എടുക്കാവുന്ന പിച്ചായിരുന്നു അത്. നിങ്ങള്‍ 160-165 റണ്‍സ് പോലും നേടിയില്ല”, ചോപ്ര പറയുന്നു.

തുടക്കത്തില്‍ കണ്ടതുപോലെ ബോളിങ് ഇപ്പോള്‍ അത്ര മികച്ചതായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂര്‍ അഹമ്മദ് ഇപ്പോഴും വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ട്. അദ്ദേഹവും ഖലീല്‍ അഹമ്മദും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയിലുണ്ട്. പക്ഷേ അത് അത്ര മികച്ചതല്ല. കാര്യങ്ങള്‍ അത്ര നന്നായി ഒത്തുചേരുന്നില്ല. ഈ പ്രശ്‌നം അവരെ ആവര്‍ത്തിച്ച് അലട്ടുന്നുണ്ട്. പക്ഷേ അതാണ് അവരുടെ കഥ, ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

ഈ സീസണില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ച നിലയിലാണ് ചെന്നൈയും ഹൈദരാബാദുമുളളത്. സ്പിന്നിനെ തുണയ്ക്കുന്നതാണ് ചിദംബരം സ്റ്റേഡിയത്തിലെ പിച്ചെന്നതില്‍ ആതിഥേയരായ ചെന്നൈയ്ക്ക് ഇന്നത്തെ കളിയില്‍ മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ ഹോം ടീമിനെതിരെ തിരിച്ചടിച്ച് വലിയ തിരിച്ചുവരവ് നടത്താനാകും സണ്‍റൈസേഴ്‌സ് ടീമിന്റെ ശ്രമം.

Read more