ഐപിഎലില്‍ ഇത്തവണ പുതിയ താരങ്ങളെ ഇറക്കി കളിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് വലിയ തിരിച്ചടി നേരിടുന്നതാണ് കാണാനാവുന്നത്. ഈ സീസണില്‍ ആറ് മത്സരങ്ങള്‍ കളിച്ച ടീമിന് രണ്ടും ജയവും നാല് തോല്‍വിയുമാണുളളത്. തുടര്‍ച്ചയായ തോല്‍വിക്ക് പിന്നാലെ ജോസ് ബട്‌ലര്‍, യൂസവേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ ഉള്‍പ്പെടെയുളള താരങ്ങളെ ലേലത്തില്‍ കൈവിട്ടതില്‍ ആര്‍ആര്‍ ടീമിനെ ആരാധകര്‍ നിര്‍ത്തിപൊരിച്ചിരുന്നു. കഴിഞ്ഞ സീസണുകളില്‍ എല്ലാം ഒരു ബാലന്‍സ്ഡ് ടീമായിട്ടാണ് രാജസ്ഥാനെ എല്ലാവരും വിലയിരുത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ പുതിയ ടീമിന് മത്സരങ്ങളില്‍ തങ്ങളുടെ മികവ് പുറത്തെടുക്കാനാവാത്തത് സഞ്ജുവിനും സംഘത്തിനും തിരിച്ചടിയായി.
ഈ സീസണില്‍ രാജസ്ഥാന്‍ ടീം കാണിക്കുന്ന ഒരു പിഴവ് ചൂണ്ടിക്കാട്ടുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. “ഇടത്-വലത് കോമ്പിനേഷന്‍ നല്ലതാണ്. പക്ഷേ ഇടത്-വലത് എന്നത് നിങ്ങളുടെ ജീവിതത്തിന്റെ അവസാനമോ എല്ലാമോ അല്ല. എന്ത് സംഭവിച്ചാലും നിങ്ങള്‍ക്ക് ഒരു ഇടത്- വലത് കോമ്പിനേഷന്‍ ആവശ്യമുണ്ട്. ഒരു വലംകയ്യന്‍ ബാറ്റര്‍ ഔട്ടാകുമ്പോള്‍ മറ്റൊരു വലംകയ്യനെ നിങ്ങള്‍ ഇറക്കുന്നു, ആ സമയം ഷിംറോണ്‍ ഹെറ്റ്‌മെയറെ ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറക്കുന്നു. അതിന് ശേഷം ഒരു ദിവസം നിങ്ങള്‍ വാനിന്ദു ഹസരങ്കയ്ക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി.
Read more
മറ്റൊരു കളിയില്‍ നിതീഷ് റാണയെ അവന്റെ പൊസിഷനില്‍ ഇറക്കാതെ പകരം ധ്രുവ് ജുറലിനെ ഇറക്കുന്നു. ഇടത്-വലത് കോമ്പിനേഷന്‍ ആഗ്രഹിച്ചതിനാലാണ് ജുറലിനെ മുന്നേ ഇറക്കിയത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്തിനാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. എന്നിരുന്നാലും അത് രാജസ്ഥാന്റെ കഥയാണ്. അവര്‍ കാര്യങ്ങള്‍ അമിതമായി സങ്കീര്‍ണ്ണമാക്കുന്നു. ഞാന്‍ ഒരു രാജസ്ഥാന്‍ മത്സരം പ്രിവ്യൂ ചെയ്യുമ്പോഴോ വിശകലനം ചെയ്യുമ്പോഴോ അവലോകനം ചെയ്യുമ്പോഴോ വിശകലനം വഴി പക്ഷാഘാതം എന്ന് നിങ്ങള്‍ ആവര്‍ത്തിച്ച് കേള്‍ക്കും”, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.