സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ ഐപിഎൽ 2024-ൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. ഗ്രൗണ്ടിന് ചുറ്റും തകർപ്പൻ ഷോട്ടുകൾ കളിക്കാൻ മിടുക്കനായ താരം ഈ സീസണിൽ പല പ്രമുഖ ബോളർമാരെയും ശിക്ഷിച്ചു. ഹൈദരാബാദിലെ പ്രാദേശിക കുട്ടികളുമായുള്ള സംഭാഷണത്തിൽ, താൻ ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും കടുപ്പമേറിയ ബൗളറെക്കുറിച്ച് ചോദ്യം നേരിട്ടു. 23 കാരനായ താരം ഇന്ത്യൻ ബോളറെ തന്നെയാണ് താൻ പേടിക്കുന്ന താരമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഹൈദരാബാദ് താരങ്ങളായ അഭിഷേകും ഹെൻറിച്ച് ക്ലാസനും എംഐ പേസർ ജസ്പ്രീത് ബുംറയെ അഭിനന്ദിക്കുകയും അവർക്കെതിരെ ബാറ്റ് ചെയ്ത ഏറ്റവും കഠിനമായ ബൗളറായി പേസറിനെ വിലയിരുത്തുകയും ചെയ്തു. മുംബൈയുടെ മോശം IPL 2024 പ്രചാരണത്തിനിടയിലും 13 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റ് വീഴ്ത്തി ബൗളിംഗിലൂടെ ബുംറ എല്ലാവരെയും അമ്പരപ്പിച്ചു. ഐപിഎൽ 2024-ൽ പേസർമാരിൽ തല്ലുകൊള്ളി ആകാതിരുന്നത് ബുംറ ആയിരുന്നു.
“ഈ ഘട്ടത്തിൽ, ഞാൻ നേരിട്ടതിൽ വച്ച് ഏറ്റവും കഠിനമായ ബോളർ ബുംറയാണ്. അവൻ അത്ഭുതകരമാണ്; അവൻ ഓരോ ഡെലിവറിയും മികച്ച രീതിയിൽ പ്ലാൻ ചെയ്താണ് എറിയുന്നത്. അവൻ്റെ സ്ലോ ബോൾ പിടിക്കുന്നത് ശരിക്കും വെല്ലുവിളിയാണ്. അവനിൽ നിന്ന് സൂചനകൾ ഒന്നും ലഭിക്കില്ല ആർക്കും. എൻ്റെ അഭിപ്രായത്തിൽ, നേരിടാൻ ഏറ്റവും പ്രയാസമുള്ള ബൗളർ ബുംറയാണ്, ”ക്ലാസൻ അവകാശപ്പെട്ടു.
അഭിഷേക് ക്ലാസൻ്റെ അഭിപ്രായത്തോട് യോജിച്ച് പറഞ്ഞു, “അദ്ദേഹം മികച്ച ബൗൾ ചെയ്യുന്നതിനാൽ ഞാനും അത് സമ്മതിക്കും. പന്ത് ബൗൺസ് ചെയ്യുന്നതിനൊപ്പം യോർക്കറുകളും എറിയുന്നുണ്ട്. ഒരു ബൗളർ എന്ത് ബൗൾ ചെയ്യുമെന്ന് പ്രവചിക്കുന്നത് ഒരു ബാറ്റ്സ്മാന് വെല്ലുവിളിയാണ്, അതിനാൽ ജസ്പ്രീത് ബുംറയാണ് എൻ്റെ തിരഞ്ഞെടുപ്പും.”
ഹൈദരാബാദ് ഈ സീസണിൽ മുംബൈയുമായി രണ്ട് മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. രണ്ടിലും ബുംറയെ മാത്രം അടിക്കാൻ ഹൈദരാബാദ് താരങ്ങൾക്ക് ആയില്ല.