സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ചരിത്ര വിജയം നേടി അഫ്ഗാനിസ്ഥാൻ. ഇന്നലെ നടന്ന മത്സരത്തിൽ ആറ് വിക്കറ്റുകൾക്കാണ് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിന്റെ ബോളിങ് യൂണിറ്റ് ആണ് പ്രധാന കൈയടി അർഹിക്കുന്നത്. മത്സരത്തിൽ ഏറ്റവും കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയത് ഫസൽഹക്ക് ഫറൂഖിയായിരുന്നു. നാല് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്ക 107 റൺസ് മാത്രമാണ് നേടിയത്. അതിനെ 144 പന്തുകൾ ബാക്കി നിൽക്കെയാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കയെ 106 റൺസിന് ഓൾഔട്ട് ആക്കുകയായിരുന്നു. 84 പന്തിൽ 52 റൺസെടുത്ത വിയാൻ മുൽഡറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ആദ്യ 10 ഓവറുകളിൽ 36 റൺസ് എടുക്കുന്നതിന് വേണ്ടി സൗത്ത് ആഫ്രിക്ക തങ്ങളുടെ ഏഴു വിക്കറ്റുകളും നഷ്ടമാകേണ്ടി വന്നു.
അഫ്ഗാനിസ്ഥാനു വേണ്ടി ഫസൽഹഖ് ഫറൂഖി നാലു വിക്കറ്റുകളും ഗസൻഫർ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. ഒപ്പം സ്പിന്നറായ റഷീദ് ഖാൻ രണ്ട് വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തന്നെ അഫ്ഗാനിസ്ഥാൻ താരമായ റഹ്മാനുല്ല ഗുർബാസിനെ നഷ്ടമായിരുന്നു. പക്ഷെ വിജയം അഫ്ഗാനിസ്ഥാൻ കൈവിട്ടില്ല. ഗുൽബാദിൻ നായിബ് (27 പന്തിൽ 34), അസ്മത്തുല്ല ഒമർസായി (36 പന്തിൽ 25) എന്നിവർ മികച്ച പ്രകടനം നടത്തി ക്രീസിൽ നിന്നു. രണ്ടാം ഏകദിന മത്സരം നാളെയാണ് നടക്കുന്നത്.