'ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിനത്തില്‍നിന്ന് വിരമിക്കും'; കളമൊഴിയാന്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കും. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നസീബ് ഖാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

കായികരംഗത്ത് അഫ്ഗാനിസ്ഥാന്റെ പ്രശസ്തിയിലേക്കുള്ള ഉയര്‍ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരില്‍ ഒരാളാണ് നബി. 165 ഏകദിന മത്സരങ്ങളില്‍നിന്ന് രാജ്യത്തെ പ്രതിനിധീകരിച്ച് 27.3 റണ്‍സ് ശരാശരിയില്‍ 3549 റണ്‍സ് ഈ 39-കാരന്‍ നേടിയിട്ടുണ്ട്. കൂടാതെ 171 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിനുള്ള അദ്ദേഹത്തിന്റെ സംഭാവന സമാനതകളില്ലാത്തതാണ്, വിരമിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ അഭാവം തീര്‍ച്ചയായും അനുഭവപ്പെടും. ഇതേക്കുറിച്ച് സംസാരിച്ച നസീബ് ഖാന്‍ ഏകദിനത്തില്‍നിന്ന് വിരമിക്കുമെന്ന് നബി സ്ഥിരീകരിച്ചുവെന്നും എന്നാല്‍ ടി20യില്‍ തുടരുമെന്നും നസീബ് ഖാന്‍ അഭിപ്രായപ്പെട്ടു.

അതെ, ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം നബി ഏകദിനത്തില്‍ നിന്ന് വിരമിക്കും. അദ്ദേഹം തന്റെ ആഗ്രഹം ബോര്‍ഡിനെ അറിയിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിന കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യും. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷവും അദ്ദേഹം തന്റെ ടി20 കരിയര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അതാണ് ഇതുവരെയുള്ള പ്ലാന്‍- നസീബ് ഖാന്‍ പറഞ്ഞു.