ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ജൂണില്‍ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. യുവതാരങ്ങളുടെയും വെറ്ററന്‍ താരങ്ങളുടെയും തുല്യ സാന്നിധ്യമുള്ള 15 അംഗ ടീമിനെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ നയിക്കും.

ടൂര്‍ണമെന്റിന്റെ മുന്‍ പതിപ്പില്‍ അഫ്ഗാനിസ്ഥാനെ നയിച്ച ഹഷ്മത്തുള്ള ഷാഹിദിക്ക് ഇത്തവണ ഒരു സ്ഥാനം കണ്ടെത്താനായില്ല. 2022ല്‍ അയര്‍ലന്‍ഡിനെതിരെയാണ് അവസാനമായി ടി20 കളിച്ചത്. അതേസമയം, ഈ വര്‍ഷം മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച യുവതാരം നംഗ്യാല്‍ ഖരോട്ടിയെ ടീമിലേക്ക് തിരഞ്ഞെടുത്തു. വെറും 5.90 എന്ന ഇക്കോണമിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റുമായി അദ്ദേഹം അയര്‍ലന്‍ഡിനെതിരെ തിളങ്ങിയിരുന്നു.

2020, 2022 ഐസിസി അണ്ടര്‍19 പുരുഷ ക്രിക്കറ്റ് ലോകകപ്പുകളില്‍ അഫ്ഗാനിസ്ഥാന്റെ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഇഷാഖിനും 15 അംഗ ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞു. മുജീബ് ഉര്‍ റഹ്‌മാന്‍, നൂര്‍ അഹമ്മദ്, ഖരോട്ടി, വെറ്ററന്‍ താരം മുഹമ്മദ് നബി എന്നിവരടങ്ങുന്ന സ്പിന്‍ ആക്രമണത്തെ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ നയിക്കും. അതേസമയം നവീന്‍ ഉള്‍ ഹഖ്, ഫരീദ് അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖ് എന്നിവര്‍ അഫ്ഗാനിസ്ഥാന്റെ ഫാസ്റ്റ് ബൗളിംഗ് നിരയിലുണ്ടാകും.

ഏഷ്യന്‍ ടീമിന്റെ ബാറ്റിംഗ് യൂണിറ്റ് പ്രധാനമായും റഹ്‌മാനുള്ള ഗുര്‍ബാസ്, നജീബ് സദ്രാന്‍, ഇബ്രാഹിം സദ്രാന്‍ എന്നിവരെ ആശ്രയിച്ചിരിക്കും. അസ്മത്തുള്ള ഒമര്‍സായിയും മുഹമ്മദ് നബിയും ഉള്‍പ്പെടെയുള്ള ഓള്‍റൗണ്ടര്‍മാരില്‍നിന്ന് മൂവര്‍ക്കും മികച്ച പിന്തുണ ലഭിക്കും.

Image

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീം

റഹ്‌മാനുള്ള ഗുര്‍ബാസ് (Wk), ഇബ്രാഹിം സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായി, നജീബുള്ള സദ്രാന്‍, മുഹമ്മദ് ഇസ്ഹാഖ്, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ്, കരീം ജനത്ത്, റാഷിദ് ഖാന്‍ (c), നംഗ്യാല്‍ ഖരോട്ടി, മുജീബ് ഉര്‍ റഹ്‌മാന്‍, നൂര്‍ അഹമ്മദ്, നവഖീന്‍ ഫാറൂഖി, ഫരീദ് അഹമ്മദ് മാലിക്.

Read more