അഫ്ഗാന്റെ ടെസ്റ്റ് അരങ്ങേറ്റം ഇന്ത്യയ്‌ക്കെതിരെ

ക്രിക്കറ്റ് കുഞ്ഞന്‍മാരായ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് മത്സരങ്ങളിലെ അരങ്ങേറ്റം ഇന്ത്യയ്‌ക്കെതിരെ. ഒന്നര വര്‍ഷത്തിനിപ്പുറം 2019ലായിരിക്കും അഫ്ഗാന്‍ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് കളിക്കാനിറങ്ങുക. ഇന്നു ചേര്‍ന്ന ബിസിസിഐയുടെ സ്‌പെഷ്യ ജനറല്‍ മീറ്റിംഗാണ് ഇക്കാര്യം തീരുമാനിച്ചത്.

ഈ വര്‍ഷം ആദ്യമാണ് അഫ്ഗാനും അയര്‍ലന്‍ഡിനും ടെസ്റ്റ് പദവി ഐസിസി നല്‍കിയത്. കന്നി ടെസ്റ്റ് മത്സരം ഉറപ്പിച്ചെങ്കിലും അത് നടക്കുന്ന തീയതിയോ വേദിയോ പ്രഖ്യാപിച്ചിട്ടില്ല. ബിസിസിഐ യുടെ പുതിയ എഫ് ടി പി (ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാംസ്) ഇതേ വരെ പ്രഖ്യാപിക്കാത്തതാണ് ഇതിനു കാരണം.

എഫ് ടി പി പ്രഖ്യാപിക്കുന്നതോടെ ഇന്ത്യന്‍ ടീമിന്റെ വരും കാല പരമ്പരകളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്ത് വരും. അതോടെ അഫ്ഗാനെതിരെയുള്ള മത്സരം നടക്കുന്ന തീയതിയും വേദിയുമെല്ലാം അറിയാന്‍ സാധിക്കും. എങ്കിലും 2019-20 സീസണിലെ ഇന്ത്യയുടെ സ്വദേശ പരമ്പരകള്‍ക്കിടയിലാകും ഈ മത്സരമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ചരിത്രപരം എന്നാണ് ബിസിസിഐയുടെ ഈ തീരുമാനത്തെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലയിരുത്തുന്നത്. ടെസ്റ്റ് അരങ്ങേറ്റം വൈകുമെങ്കിലും ഇന്ത്യയെ പോലുളള കരുത്തരായ ടീമിനെ എതിരാളിയായി ലഭിച്ച സന്തോഷത്തിലാണ് അഫ്ഗാന്‍ ക്രിക്കറ്റ് ലോകം.

Read more

2023ല്‍ നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ 2011ന് ശേഷം വീണ്ടും ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലേക്ക് വിരുന്നെത്തുമെന്ന് ഉറപ്പായി.