കശ്മീര്‍ വിഷയത്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇന്ത്യയുടെ നയം മാറ്റത്തിനിനെതിരെ ഐകൃരാഷ്ട്ര സഭയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇടപെടണമെന്നാണ് അഫ്രീദി ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അഫ്രീദിയുടെ ഇടപെടല്‍.
യുഎന്‍ നിര്‍ദേശിക്കുന്ന പരിഹാരം അംഗീകരിക്കാനുളള അവകാശം കശ്മീരികള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും നമ്മളെ പോലെയുളള സ്വാതന്ത്രം അവരും അര്‍ഹിക്കുന്നുണ്ടെന്നും അഫ്രീദി പറയുന്നു. കശ്മീരിന് നേരെ നടക്കുന്നത് മനുഷത്വത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെയുളള കുറ്റകൃത്യവും ആക്രമണവുമാണെന്ന് പറയുന്ന അഫ്രീദി യുഎന്‍ ഇടപെടണമെന്നും ഉറക്കം വിട്ടെഴുന്നേല്‍ക്കണമെന്നും ആവശ്യപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ഇക്കാര്യത്തില്‍ മദ്ധ്യസ്ഥന്റെ റോള്‍ വഹിക്കാനാകുമെന്നും അദ്ദേഹത്തെ ടാഗ് ചെയ്ത് അഫ്രീദി ഓര്‍മ്മിപ്പിക്കുന്നു.
എന്നാല്‍ അഫ്രീദിയ്ക്ക് മറുപടിയായി ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ബദ്ധവൈരിയായിരുന്ന ഇന്ത്യന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തി. പാകിസ്ഥാന്‍ നിയന്ത്രണത്തിലുളള കശ്മീരില്‍ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങള്‍ സൂചിപ്പിക്കാതെയുളള അഫ്രീദിയുടെ നിലപാടിന്റെ പൊള്ളത്തരം സൂചിപ്പിച്ചാണ് ഗംഭീര്‍ പാക് താരത്തിന് മറുപടി നല്‍കിയത്.
അതെസമയം കാശ്മീരില്‍ “സമാധാനവും സ്ഥിരതയും” വേണമെന്നാണ് അമേരിക്ക അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീരിലെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് പറഞ്ഞു. ആളുകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും വ്യക്തികളുടെ മൗലികാവകാശങ്ങളെ ബഹുമാനിച്ചു കൊണ്ടും അവിടുത്തെ ജനങ്ങളുമായി ചര്‍ച്ചചെയ്തുകൊണ്ടുമാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതെന്നും പ്രസ്താവനയിലൂടെ അവര്‍ വ്യക്തമാക്കി.