ഇന്നലെ നടന്ന ഏഷ്യ ലയൺസ്- ഇന്ത്യ മഹാരാജാസ് പോരാട്ടത്തിൽ ആരാധകർ ഏറ്റെടുത്ത ഒരു നിമിഷം പിറന്നു. അബ്ദുൾ റസാഖിന്റെ ഒരു പന്ത് ഗൗതം ഗംഭീറിന്റെ തലയിൽ ഇടിച്ച സമയത്ത് അത് അന്വേഷിക്കാൻ എത്തിയത് അദ്ദേഹത്തിന്റെ മുഖ്യ ശത്രുക്കളിൽ ഒരാളായ ഷാഹിദ് അഫ്രീദി ആയിരുന്നു. അടുത്ത പന്തിൽ പെട്ടെന്നുള്ള സിംഗിളിനായി ഇന്ത്യൻ താരം ഓടിയ ഗംഭീറിന്റെ അടുത്തെത്തിയ അഫ്രീദി എന്തെങ്കിലും പറ്റിയോ, നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. തനിക്ക് കുഴപ്പമില്ല എന്നതായിരുന്നു ഗംഭീറിന്റെ മറുപടി. ഇരുതാരങ്ങളും കളിക്കളത്തിൽ സജീവമായിരുന്ന കാലത്ത് പല തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാൽ ആ ശത്രുതയൊക്കെ മറന്നാണ് അഫ്രീദി എത്തിയത്.
മത്സരത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഇന്ത്യൻ മഹാരാജാസിനെ 9 റൺസിന് തോൽപ്പിച്ച് ഏഷ്യ ലയൺസ് ലെജൻഡ്‌സ് ലീഗ് മാസ്റ്റേഴ്‌സിന് തുടക്കമിട്ടു. ആദ്യം ബാറ്റ് ചെയ്ത മിസ്ബാ ഉൾ ഹഖിന്റെ 73 റൺസിന്റെ മികവിൽ ടീം 165 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഹാരാജാസിനായി ഗൗതം ഗംഭീർ അർധസെഞ്ച്വറി നേടിയെങ്കിലും സൊഹൈൽ തൻവീർ മൂന്ന് വിക്കറ്റ് വീഴ്ത്തി ബാറ്റിംഗ് നിരയെ വിറപ്പിച്ചതോടെ ഇന്ത്യൻ നിര വീണു.
വേള്‍ഡ് ജയന്റ്സ്, ഏഷ്യ ലയണ്‍സ്, ഇന്ത്യ മഹാരാജാസ് എന്നീ മൂന്ന് ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. മത്സരത്തില്‍ ആകെ എട്ട് ഗെയിമുകള്‍ കളിക്കും – ആറ് ലീഗ് ഘട്ട ഗെയിമുകള്‍, തുടര്‍ന്ന് ഒരു എലിമിനേറ്ററും ഫൈനലും. മത്സരം ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയും ഫാന്‍കോഡ് ആപ്പു വഴിയും തത്സമയം കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും തത്സമയ സംപ്രേക്ഷണമുണ്ട്.